സുപ്രീംകോടതി

കേരളത്തിലെ എസ്.ഐ.ആറിനെതിരായ ഹരജികൾ വെള്ളിയാഴ്ച പരിഗണിക്കും; വിശദവാദം കേൾക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: കേരളത്തിലെ എസ്.ഐ.ആറിനെതിരെ സംസ്ഥാന സര്‍ക്കാറടക്കം നൽകിയ ഹരജികളിൽ സുപ്രീംകോടതി വിശദവാദം കേള്‍ക്കും. ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അറിയിച്ചു. സംസ്ഥാനത്തെ എസ്.ഐ.ആര്‍ നടപടികള്‍ക്കെതിരെ സര്‍ക്കാറിനു പുറമെ മുസ്ലിം ലീഗും സി.പി.എമ്മുമുൾപ്പെടെ ഹര്‍ജി നൽകിയിരുന്നു. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക.

അതേസമയം സംസ്ഥാനത്തെ എസ്.ഐ.ആർ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ 97 ശതമാനം എസ്.ഐ.ആർ ഫോമുകളും ബി.എൽ.ഒമാർ വിതരണം ചെയ്തുകഴിഞ്ഞു. അത് തിരികെ വാങ്ങുന്നതാണ് ഇനിയുള്ള ജോലി. അതിനായി ബൂത്തുതലത്തിൽ ക്യാമ്പുകൾ ഉൾപ്പടെ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും. ബി.എൽ.ഒമാർ കമീഷന്റെ അവിഭാജ്യ ഘടകമാണ്. എസ്.ഐ.ആർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ബി.എൽ.ഒമാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങൾ ചില കോണുകളിൽ നിന്നും ഉണ്ടാവുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ല. ബി.എൽ.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി.എൽ.ഒമാരുടേയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും യോഗം വിളിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ കൂടി അഭിപ്രായം തേടും. എസ്.ഐ.ആർ നടപടിക്രമങ്ങളിൽ മികച്ചതും മാതൃകാപരവുമായ പ്രവർത്തനം കാഴ്ചവെച്ച സംസ്ഥാനത്തെ എല്ലാ ബൂത്ത് ലെവൽ ഓഫീസർമാരെയും, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭിനന്ദനം അറിയിച്ചു. സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ കൃത്യതയും വിശ്വാസ്യതയും നിലനിർത്തുന്നതിൽ ബി എൽ ഒമാരുടെ ഫീൽഡ് തലത്തിലെ പരിശ്രമങ്ങൾ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Supreme Court to hear petitions against Kerala's SIR on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.