ന്യൂഡൽഹി: ജാതി വിവേചനത്തിന്റെ നിർവചനവുമായി ബന്ധപ്പെട്ട യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യു.ജി.സി) 2026 ലെ ഇക്വിറ്റി ചട്ടങ്ങളുടെ പ്രവർത്തനം സുപ്രീം കോടതി വ്യാഴാഴ്ച സ്റ്റേ ചെയ്തു. പുതിയ ചട്ടക്കൂടിനെ ചോദ്യം ചെയ്യുന്ന ഹരജികളിൽ കേന്ദ്ര സർക്കാറിനും യു.ജി.സിക്കും നോട്ടീസ് അയക്കുകയും ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വതന്ത്രവും, തുല്യതയും, എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ അന്തരീക്ഷം വേണമെന്ന് ഹരജികൾ പരിഗണിക്കവെ സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാൽ പുതിയ നിയന്ത്രണങ്ങൾ സമൂഹത്തെ ഭിന്നിപ്പിക്കാൻ കഴിവുള്ളതാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 2012ലെ മുൻ നിയന്ത്രണങ്ങൾ തൽകാലം തുടരുമെന്നും സുപ്രീംകോടതി ബെഞ്ച് നിർദേശിച്ചു.
വിവേചനത്തെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിനും തുല്യത വളർത്തുന്നതിനുമായി എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇക്വിറ്റി കമ്മിറ്റികൾ രൂപീകരിക്കണമെന്ന് നിഷ്കർഷിക്കുന്ന പുതിയ യു.ജി.സി നിയമങ്ങൾക്കെതിരായ പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നിയന്ത്രണങ്ങൾ അന്യായമാണെന്നും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നും ഹരജിക്കാർ വാദിച്ചു. മൃത്യുഞ്ജയ് തിവാരി, അഭിഭാഷകനായ വിനീത് ജിൻഡാൽ, രാഹുൽ ദിവാൻ എന്നിവരാണ് ഹരജികൾ നൽകിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, വിഷയം അടിയന്തരമായി വാദം കേൾക്കാൻ ലിസ്റ്റ് ചെയ്യാമെന്ന് നേരത്തെ സമ്മതിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.