കട്ടക്: ഒഡീഷയിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 രോഗികൾ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. എസ്.സി.ബി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലാണ് അപകടമുണ്ടായത്. അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഐ.സി.യുവിലെ എയർ കണ്ടീഷണിങ് സിറ്റത്തിലോ മെഡിക്കൽ ഉപകരണത്തിലോ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു.
അത്യാഹിത വിഭാഗത്തിലെ ഒന്നാം നിലയിൽ പുലർച്ചെ മൂന്നിനാണ് അപകടമുണ്ടായതെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി അറിയിച്ചു. 23 രോഗികളായിരുന്നു അവിടെ ചികിത്സയിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തകർ എത്തുന്നതിന് മുന്നേ ഏഴ് പേർ മരിച്ചിരുന്നു. ഇതിനകം ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവൻ തീപിടിത്തത്തിലും കട്ടിയുള്ള പുകയിലും നഷ്ടപ്പെടുകയായിരുന്നു. ആശുപത്രി അധികൃതരും അഗ്നിരക്ഷാപ്രവർത്തകരും മറ്റുള്ളവരെ വളരെ പെട്ടെന്ന് തന്നെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു.
അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി 25 ലക്ഷം രൂപ പ്രഖ്യാപിച്ചു. പരിക്കേറ്റവരെയും ഇരകളുടെ ബന്ധുക്കളെയും അദ്ദേഹം സന്ദർശിച്ചു. പരിക്കേറ്റവരിൽ രണ്ട് പേർ ആശുപത്രി ജീവനക്കാരാണ്.
ഒഡീഷ ആരോഗ്യ സെക്രട്ടറി അശ്വതി എസ്, കട്ടക് ജില്ലാ കലക്ടർ ദത്താത്രയ ഭൗസാഹേബ് ഷിൻഡെ, കട്ടക് ഡി.സി.പി ഋഷികേശ് ഖിലാരി എന്നിവരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. യഥാർഥ അപകട കാരണം കണ്ടെത്തുന്നതിനും അഗ്നി സുരക്ഷാ പ്രോട്ടോക്കോളുകളിലെ പിഴവുകൾ പരിശോധിക്കുന്നതിനും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
1944 ൽ സ്ഥാപിതമായ എസ്.സി.ബി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ സർക്കാർ മെഡിക്കൽ സ്ഥാപനങ്ങളിൽ ഒന്നാണ്. ഒഡീഷയിലെ ഏറ്റവും വലിയ റഫറൽ ആശുപത്രിയാണിത്. സംസ്ഥാനത്തുടനീളവും അയൽ സംസ്ഥാനങ്ങളിലെയും ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഇവിടെ ചികിത്സ തേടാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.