ന്യൂ ഡൽഹി: പേകാൻ സമയമായി. ഗാസിയാബാദിലെ ആശുപത്രിയിൽ നിശ്ചലനായി കിടക്കുന്ന ഹരീഷ് റാണക്ക് ചുറ്റും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ ചേർന്നിരുന്നു. അവനെ ഡൽഹി എയിംസിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തങ്ങളുടെ അവസാന യാത്രാമൊഴി പറയാനായി. എയിംസിലെത്തിയ ഉടൻ ഡോക്ടർമാർ അവന്‍റെ ജീവൻ രക്ഷാ ഉപകരണങ്ങൾ ഓരോന്നായി അഴിച്ചുമാറ്റും.
മകനോടൊപ്പം അവസാന നിമിഷങ്ങൾ ചെലവഴിക്കുന്ന കുടുംബത്തിന്‍റെ 22 സെക്കന്‍റ് ദൈർഘ്യമുള്ള ഹൃദയഭേദകമായ വീഡിയോ ആരുടെയും കണ്ണുകൾ ഈറനണിയിക്കും. അമ്മ അവനടുത്തായി ഇരുന്നു. മുഖം ദുഃഖത്താൽ നിറഞ്ഞിരുന്നു. ബ്രഹ്മകുമാരി സഹേദരി അവന്‍റെ നെറ്റിയിൽ തിലകം ചാർത്തി. എല്ലാവരോടും ക്ഷമിക്കണം, ഇപ്പോൾ പോകാൻ സമയമായി. അവർ അവന്റെ തലയിൽ തലോടിക്കൊണ്ടു പറഞ്ഞു.
ഹരീഷിന്റെ ദയാവധത്തിനായി പോരാടാൻ അഭിഭാഷകയെ കണ്ടെത്താൻ സഹായിച്ച സാമൂഹിക-സാംസ്കാരിക സംഘടനയായ ബ്രഹ്മാകുമാരീസുമായി റാണ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്.
പഞ്ചാബ് സർവകലാശാലയിലെ വിദ്യാർഥിയായിരുന്നു ഒരിക്കൽ ഹരീഷ് റാണ. ഇന്നവൻ ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ദയാവധത്തിന് കോടതി അനുമതി ലഭിച്ച വ്യക്തിയാണ്. 2013ലാണ് കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് തഴേക്ക് വീണ് തലച്ചോറിന് ഗുരുതരമായി പരിക്കേൽക്കുന്നത്. അന്നുമുതൽ അവൻ കോമയിലാണ്. ശ്വസമെടുക്കുന്നതിനായി ട്രാക്കിയോസ്റ്റമി ട്യൂബും ഭക്ഷണത്തിനായി ഗ്യാസ്ട്രോജെജുനോസ്റ്റമി ട്യൂബും അവന്‍റെ കൂടെ ആ കിടക്കയിൽ ഒതുങ്ങി.
വർഷങ്ങളോളം നീണ്ട പ്രതീക്ഷകൾക്ക് ശേഷം എല്ലാ മെഡിക്കൽ സംവിധാനങ്ങളും അവന്‍റെ അവസ്ഥക്ക് മുന്നിൽ തോൽവി സമ്മതിച്ചപ്പോഴാണ് റാണയുടെ മാതാപിതാക്കൾ ദയാവധം ആവശ്യപ്പെട്ട് ഹരജി ഫയൽ ചെയ്യുന്നത്. ഒടുവിൽ സുപ്രീം കോടതി അത് അനുവദിച്ചു. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരാൾക്ക് ദയാവധം അനുവദിക്കുന്നത്.
ഹരീഷ് റാണക്ക് വേണ്ടി സുപ്രധാന വിധി പ്രസ്താവിച്ച സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് അദ്ദേഹത്തിന്റെ മാതാപിതാക്കളെ പ്രശംസിച്ചു. കഴിഞ്ഞ പതിമൂന്ന് വർഷമായി, അദ്ദേഹം വേദനയും കഷ്ടപ്പാടും നിറഞ്ഞ ജീവിതം നയിച്ചു. നമ്മളിൽ മിക്കവരിൽ നിന്നും വ്യത്യസ്തമായി, തന്റെ വേദനക്ക് ശബ്ദം നൽകാനുള്ള കഴിവ് പോലും അദ്ദേഹത്തിന് നഷ്ടപ്പെട്ടു എന്ന വസ്തുത വളരെ സങ്കടകരമാണ്.
അപേക്ഷകന്റെ മാതാപിതാക്കളും സഹോദരങ്ങളും പിന്തുണയുടെ അചഞ്ചലമായ തൂണുകളായി നിലകൊള്ളുന്നത് ഞങ്ങൾ വളരെയധികം ബഹുമാനത്തോടെ ശ്രദ്ധിക്കുന്നു. അദ്ദേഹത്തെ പരിപാലിക്കാനുള്ള എല്ലാ ശ്രമങ്ങളും അവർ ചെയ്തു. അചഞ്ചലമായ സമർപ്പണത്തോടെ അത് തുടരുന്നു- കോടതി പറഞ്ഞു.
ഒരാളെ സ്നേഹിക്കുക എന്നാൽ സന്തോഷകരമായ സമയങ്ങളിൽ മാത്രമല്ല, അവരുടെ ഏറ്റവും ദുഃഖകരവും ഇരുണ്ടതുമായ സമയങ്ങളിലും അവരെ പരിപാലിക്കുക എന്നുകൂടിയാണ്. ഈ കേസിന്റെ വിധിന്യായത്തിലുടനീളം അവർ അഗാധമായ ദുഃഖം അനുഭവിച്ചിരുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ അവരുടെ അതിരറ്റ സ്നേഹം, സഹിഷ്ണുത, ദയ എന്നിവക്കുള്ള ഞങ്ങളുടെ അഗാധമായ ബഹുമാനം രേഖപ്പെടുത്താൻ മാത്രമേ ഞങ്ങൾക്ക് കഴിയൂ എന്നും കോടതി അറിയിച്ചു.
മാതാപിതാക്കൾക്ക് പുറമെ രണ്ട് മെഡിക്കൽ സമിതികളും ഹരീഷിന് ദയാവധമാകാമെന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇതും കോടതി പരിഗണിച്ചു. എന്നാൽ വീട്ടുചികിത്സയിൽ കഴിയുന്ന ഹരീഷിനെ ന്യൂഡൽഹി എയിംസിലേക്ക് മാറ്റണമെന്നും അവിടെവെച്ച് ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലേ ജീവൻരക്ഷാ സംവിധാനം എടുത്തുമാറ്റാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഇതാദ്യമായാണ് ഒരാൾക്ക് നിഷ്ക്രിയ ദയാവധം അനുവദിക്കുന്നത്. ഈ അവസരത്തിൽ നമ്മൾ ഓർക്കേണ്ട മറ്റൊരു പേര് കൂടിയുണ്ട് മുംബൈക്കാരി അരുണ ഷാൻബാഗിന്‍റേത്. 53 വർഷങ്ങൾക്ക് മുമ്പ്, 1973-ൽ മുംബൈയിലെ കിംഗ് എഡ്വേർഡ് മെമ്മോറിയൽ ആശുപത്രിയിൽ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായ 25 വയസ്സുള്ള നഴ്‌സ് അരുണ ഷാൻബാഗിന് മരിക്കാനുള്ള അവകാശം അന്ന് സുപ്രീം കോടതി നിഷേധിച്ചു. ആക്രമണം തലച്ചോറിന് ഗുരുതരമായ ക്ഷതം വരുത്തിയിരുന്നു.
പിന്നീടുള്ള നാല് പതിറ്റാണ്ടുകൾ അവൾ തളർന്നു കിടന്നു. കർശന മാർഗനിർദേശങ്ങൾ പ്രകാരം നിഷ്ക്രിയ ദയാവധം ആദ്യം അനുവദിച്ചിരുന്നെങ്കിലും സക്രിയ ദയാവധം അനുവദനീയമല്ലെന്ന് കോടതി വിധിച്ചു. ഇത് ദയാവധം നിഷേധിക്കാൻ കാരണമായി. ആശുപത്രിയിൽ പരിചരണം തുടർന്നു. ഒടുവിൽ 2015-ൽ ന്യുമോണിയയുടെ രൂപത്തിൽ മരണം അവളെ അനുഗ്രഹിച്ചു.
രണ്ടുതരം ദയാവധങ്ങളുണ്ട്, രോഗിക്ക് മരുന്നും മറ്റും കുത്തിവെച്ച് മരണം വിധിക്കുന്ന സക്രിയ ദയാവധവും (ആക്‍ടിവ് യൂത്തനേഷ്യ) ഹരീഷ് റാണയെപ്പോലുള്ള ആളുകളിൽ പരീക്ഷിക്കപ്പെടുന്നതുപോലെ ചികിത്സ ഒഴിവാക്കിയുള്ള നിഷ്ക്രിയ ദയാവധവും (പാസിവ് യൂത്തനേഷ്യ). നമ്മുടെ രാജ്യത്ത് രണ്ട് ദയാവധവും നിയമപരമല്ല. എന്നാൽ, നിഷ്ക്രിയ ദയാവധത്തിന് അനുമതി തേടി പലരും രാജ്യത്തെ കോടതികളെ മുമ്പും സമീപിച്ചിട്ടുണ്ട്.
അപ്പോഴൊന്നും അനുകൂല വിധി നീതിപീഠങ്ങളിൽ നിന്നുണ്ടായില്ല. ദയാവധം സംബന്ധിച്ച് കൃത്യമായൊരു നിയമമില്ല എന്നതായിരുന്നു അതിന്റെ പൊതു കാരണം. പക്ഷേ, ഓരോ തവണ കോടതികളിൽ വിഷയം ചർച്ചയാകുമ്പോഴും നിയമനിർമാണത്തിലേക്കുള്ള ചുവടുവെപ്പുകൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.