ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ 23ന് നടക്കുമെന്ന് പ്രഖ്യാപിച്ചത് രാഷ്ട്രീയ മുന്നണികൾക്ക് ആശ്വാസം പകർന്നു. പ്രതീക്ഷിച്ചതിനപ്പുറം കൂടുതൽ സമയം കിട്ടിയതാണ് ഇതിന് കാരണമായത്. ഏപ്രിൽ നാലിനാണ് പത്രിക സമർപ്പണം തുടങ്ങുക. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തമിഴകത്ത് മുഖ്യ രാഷ്ട്രീയ കക്ഷികൾ പ്രചാരണം തുടങ്ങിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുതവണ തമിഴ്നാട്ടിലെത്തിയിരുന്നു. ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ, അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമി, തമിഴക വെട്രി കഴകം(ടി.വി.കെ) നേതാവ് വിജയ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ തുടങ്ങിയവർ സംസ്ഥാനത്ത് ഒന്നാംഘട്ട പ്രചാരണ പര്യടനം പൂർത്തിയാക്കിയിരുന്നു. വരുംദിവസങ്ങളിൽ പ്രചാരണം മുറുകും.
മകൻ ഉദയ്നിധിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് സ്റ്റാലിൻ നടത്തുന്നതെന്ന് എൻ.ഡി.എ ആരോപിക്കുന്നു. അഴിമതി ഭരണവും കുടുംബ വാഴ്ചയും തുടച്ചുനീക്കുന്നതിന് ഡി.എം.കെയെ തൂെത്തറിയണമെന്നാണ് എൻ.ഡി.എ നേതാക്കൾ ആവശ്യപ്പെടുന്നത്.എന്നാൽ, തമിഴ്നാടും എൻ.ഡി.എയും തമ്മിലുള്ള പോരാട്ടമായാണ് സ്റ്റാലിൻ ഈ നിയമസഭ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്. തമിഴ്നാടിന്റെ അവകാശങ്ങൾ കവർന്നെടുക്കുന്നതും ഹിന്ദി ഭാഷ അടിച്ചേൽപിക്കലും വികസന ക്ഷേമ പദ്ധതികൾക്ക് മതിയായ ഫണ്ട് അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടുമാണ് സ്റ്റാലിൻ ഇതിന് കാരണമായി വിശദീകരിക്കുന്നത്. ഡി.എം.കെ സംഘടനതലത്തിൽ സംസ്ഥാനത്ത് മേഖലാടിസ്ഥാനത്തിൽ മെഗാ സമ്മേളനങ്ങൾ നടത്തിയത് സ്റ്റാലിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. അണ്ണാ ഡി.എം.കെയും ടി.വി.കെയും ഇതിനകം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഡി.എം.കെക്ക് ഇതേവരെ തുടർച്ചയായി സംസ്ഥാന ഭരണത്തിലേറാനായിട്ടില്ല. ഇത് സ്റ്റാലിൻ തിരുത്തിക്കുറിക്കുമോ? സംസ്ഥാന-ദേശീയതലത്തിൽ എൻ.ഡി.എക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്ന ഡി.എം.കെയെയും സ്റ്റാലിനെയും താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ അണ്ണാ ഡി.എം.കെ ഉൾപ്പെടെ വിവിധ പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ മോദി- അമിത്ഷാമാർ നടത്തുന്ന നീക്കം വിജയിക്കുമോ? നടൻ വിജയിയുടെ രംഗപ്രവേശം ആരെ ദോഷകരമായി ബാധിക്കും? തുടങ്ങിയ ചോദ്യങ്ങളാണ് തമിഴക രാഷ്ട്രീയത്തിൽ മുഖ്യമായും ഉയരുന്ന ചോദ്യങ്ങൾ.
സംസ്ഥാനത്ത് മൊത്തം 234 നിയമസഭ സീറ്റുകളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റ് വേണം. 2021ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യത്തിന് മൊത്തം 159 സീറ്റുകളും അണ്ണാ ഡി.എം.കെ മുന്നണിക്ക് 75 സീറ്റുമാണ് ലഭിച്ചത്. എസ്.ഐ.ആർ പ്രക്രിയയിലൂടെ 97 ലക്ഷം പേരെയാണ് നീക്കിയത്. നിലവിൽ അഞ്ചര കോടിയോളം വോട്ടർമാരാണുള്ളത്. ഡി.എം.കെ മുന്നണി, ബി.ജെ.പി- അണ്ണാ ഡി.എം.കെ കക്ഷികൾ ഉൾപ്പെടുന്ന എൻ.ഡി.എ സഖ്യം, ടി.വി.കെ, നാം തമിഴർ കക്ഷി എന്നിവയുടെ നേതൃത്വത്തിൽ ചതുഷ്കോണ മത്സരം നടക്കും.
അതിനിടെ ടി.വി.കെയെ എൻ.ഡി.എയിലെത്തിക്കാനുള്ള അവസാന ശ്രമത്തിലാണ് കേന്ദ്ര ബി.ജെ.പി നേതൃത്വം. ടി.വി.കെക്ക് 40 നിയമസഭ സീറ്റുകളും ഉപമുഖ്യമന്ത്രി സ്ഥാനവുമാണ് കേന്ദ്ര ബി.ജെ.പി നേതൃത്വം വാഗ്ദാനം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.