പ്രതീകാത്മക ചിത്രം

പ്രതിസന്ധിക്കിടയിലും ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്ക് ഇ-കെ.വൈ.സി നിർബന്ധമാക്കി പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തെ എല്ലാ ഗാർഹിക പാചകവാതക (എൽ.പി.ജി) ഉപഭോക്താക്കൾക്കും ബയോമെട്രിക് ആധാർ അധിഷ്ഠിത ഇ-കെ.വൈ.സി (e-KYC) നിർബന്ധമാക്കി കേന്ദ്ര പെട്രോളിയം മന്ത്രാലയം. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തിൽ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഈ നടപടി.

ഉപഭോക്താക്കൾക്ക് അതത് ഓയിൽ മാർക്കറ്റിങ് കമ്പനികളുടെ (OMC) മൊബൈൽ ആപ്പും ആധാർ ഫേസ് ആർ.ഡി (Aadhaar FaceRD) ആപ്പും ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ബയോമെട്രിക് വെരിഫിക്കേഷൻ പൂർത്തിയാക്കാവുന്നതാണ്. സംശയങ്ങൾക്കായി എൽ.പി.ജി വിതരണക്കാരെ ബന്ധപ്പെടാനോ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറായ 1800-2333-555 ഉപയോഗിക്കാനോ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായതോടെ ഹുർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതാണ് ഇന്ത്യയിൽ എൽ.പി.ജി ക്ഷാമത്തിന് കാരണമായത്. ഇതേത്തുടർന്ന് സിലിണ്ടർ വിലയിലും വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഗാർഹിക സിലിണ്ടറിന് (14.2 കിലോ) 60 രൂപ വർധിപ്പിച്ചതോടെ 913 രൂപയായി ഡൽഹിയിലെ വില. അതേസമയം വാണിജ്യ സിലിണ്ടറിന് (19 കിലോ) 115 രൂപ വർധിപ്പിച്ച് സിലിണ്ടറിന് 1,884.50 രൂപയായി.

ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കർണാടകയിലെ കെംഗേരിയിൽ അനധികൃതമായി സിലിണ്ടറുകൾ സംഭരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ ഗ്യാസ് ഏജൻസികൾക്ക് സുരക്ഷ വർധിപ്പിക്കുകയും പൊലീസുകാരുടെ അവധി റദ്ദാക്കി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിന് ഡൽഹി സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Ministry of Petroleum makes e-KYC mandatory for domestic cooking gas customers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.