ന്യൂഡൽഹി: ഹൈകോടതി ജഡ്ജിമാർക്കെതിരായ പരാതികൾ അന്വേഷിക്കാൻ ലോക്പാലിന് അധികാരമുണ്ടോയെന്ന വിഷയത്തിൽ സുപ്രീംകോടതി ജൂലൈയിൽ വാദം കേൾക്കും. വിഷയം മറ്റൊരു ബെഞ്ച് പരിഗണിക്കേണ്ടതാണെന്ന് പ്രത്യേക ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവരും പ്രത്യേക ബെഞ്ചിൽ അംഗങ്ങളായിരുന്നു. ചീഫ് ജസ്റ്റിസ് തീരുമാനിക്കേണ്ട വിഷയമാണ് ഇതെന്ന് ജസ്റ്റിസ് അഭയ് എസ്. ഓക ചൂണ്ടിക്കാട്ടി.
ഹൈകോടതിയിലെ അഡീഷനൽ ജഡ്ജിക്കെതിരെ ഉയർന്ന രണ്ട് പരാതികളിൽ ജനുവരി 27ന് ലോക്പാൽ പുറപ്പെടുവിച്ച ഉത്തരവിന്മേൽ സ്വമേധയാ എടുത്ത നടപടി പരിഗണിക്കവേയാണ് കൂടുതൽ വാദം കേൾക്കാൻ തീരുമാനിച്ചത്. ഒരു തർക്കത്തിൽ സ്വകാര്യ കമ്പനിക്കനുകൂലമായി വിധി പറയാൻ അഡീഷനൽ ജില്ല ജഡ്ജിയെയും ഹൈകോടതിയിലെ തന്നെ മറ്റൊരു ജഡ്ജിയെയും സ്വാധീനിച്ചുവെന്നാണ് അഡീഷനൽ ജഡ്ജിക്കെതിരെ പരാതി ഉയർന്നത്. ആരോപണത്തിലുൾപ്പെട്ട ഹൈകോടതി ജഡ്ജി അഭിഭാഷകനായി പ്രവർത്തിക്കവേ ഇതേ സ്വകാര്യ കമ്പനി കക്ഷിയായിരുന്നുവെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 20ന് ലോക്പാൽ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തെ ഹനിക്കുന്നതാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ് സ്റ്റേ ചെയ്തത്. തുടർന്ന് കേന്ദ്രത്തിനും ലോക്പാൽ രജിസ്ട്രാർക്കും പരാതിക്കാരനും നോട്ടീസ് അയച്ചു. മാർച്ച് 18ന് വിഷയം പരിഗണിക്കവേ, ഹൈകോടതി ജഡ്ജിമാർക്കെതിരായ പരാതികളിൽ ലോക്പാലിന്റെ അധികാര പരിധി പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.