ന്യൂഡൽഹി: വിവിധ കോടതികൾ കയറിയിറങ്ങി കുഴഞ്ഞുമറിഞ്ഞ കേസ് പരിഗണിക്കാൻ പതിറ്റാണ്ടിലധികം വൈകിയതിൽ അന്യായക്കാരനോട് സുപ്രീംകോടതി ക്ഷമ പറഞ്ഞു. പരസ്പര ബന്ധമുള്ള കേസുകളിൽ ഹൈകോടതി ജഡ്ജി വ്യത്യസ്തമായ ഉത്തരവുകൾ പുറപ്പെടുവിച്ചതിലൂടെ ‘നിയമപരമായ സമസ്യ’ ആയ കേസാണിത്. ഒരേ സംഭവവുമായി ബന്ധപ്പെട്ട കേസുകളിൽ ഒന്നിൽ തുടരന്വേഷണം അനുവദിച്ചും മറ്റൊന്നിൽ തുടരന്വേഷണം തടഞ്ഞുമായിരുന്നു ഉത്തരവ്. ഇതുതന്നെയാണ് കേസ് പരിഗണിക്കാൻ വൈകിച്ചതെന്ന് ജസ്റ്റിസുമാരായ ആർ.കെ. അഗർവാൾ, സഞ്ജയ് കിഷൻ കൗൾ എന്നിവരുൾപ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു.
തെൻറ കടമുറി വ്യാജ വാടക രേഖകളുണ്ടാക്കി രണ്ട് സഹോദരന്മാർ കൈവശം വെച്ചിരിക്കുന്നെന്ന് ആരോപിച്ച് ഉത്തരാഖണ്ഡ് റൂർക്കീ സ്വദേശി ശ്യാംലത ഹരിദ്വാർ സീനിയർ പൊലീസ് സൂപ്രണ്ടിന് 2004ൽ പരാതി നൽകുന്നതോടെയാണ് വ്യവഹാരങ്ങളുടെ തുടക്കം. ഇതേകാലത്തുതന്നെ ഇവരുടെ ഒരു സഹോദരൻ സിവിൽ കോടതിയെ സമീപിച്ചു. നിയമപരമായി അവകാശപ്പെട്ട സ്ഥലത്ത് സഹോദരി കടക്കുന്നത് തടയണമെന്നായിരുന്നു ഇയാളുടെ പരാതി. ഇതിൽ പൊലീസ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. വാടകശീട്ടിലെ കൈയൊപ്പിെൻറ ആധികാരികത പരിശോധിക്കാനും നിർദേശിച്ചിരുന്നു. ഇരുകൂട്ടരും അപ്പീൽ കോടതികളെ സമീപിച്ച് ഒടുവിൽ കേസ് ഉത്തരാഖണ്ഡ് ഹൈകോടതിയിലെത്തി.
2006ൽ കേസുകൾ പരിഗണിച്ച കോടതി, സ്ത്രീയുടെ ഒപ്പും കൈയെഴുത്തും രേഖകളിലുള്ളതുമായി താരതമ്യം ചെയ്യാൻ വിദഗ്ധനെ ചുമതലപ്പെടുത്തി. നിശ്ചിത ദിവസം ഇത് സിവിൽ കോടതിയിൽ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. ഇൗ നടപടി ഫലത്തിൽ അന്വേഷണം തുടരാനുള്ള അനുമതിയാണ്. രണ്ടാമത്തെ കേസിൽ, പൊലീസ് കൂടുതൽ അന്വേഷണം നടത്തണമെന്ന ജുഡീഷ്യൽ മജിസ്ട്രേറ്റിെൻറ ഉത്തരവ് കോടതി റദ്ദാക്കി. ആദ്യ ഉത്തരവ് സ്വാഭാവികമായി ഉണ്ടാകാവുന്നതാണെന്നും രണ്ടാമത്തേതിെൻറ ആവശ്യമില്ലെന്നുമായിരുന്നു പരമോന്നത കോടതിയുടെ നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.