ന്യൂഡൽഹി: ബി.ജെ.പി രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന് സാമുദായിക നിറം നൽകി മനഃപൂർവം അതിനെ നശിപ്പിക്കുകയാണെന്ന് കോൺഗ്രസ്. മധ്യപ്രദേശിലെ ബേത്തുലിൽ നഹീം എന്നയാൾ നിർമിച്ച സ്കൂൾ തകർത്തതും ജമ്മു-കശ്മീരിലെ മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളജിൽ മുസ്‍ലിം വിദ്യാർഥികൾ പ്രവേശനം നേടിയതിന് അടച്ചുപൂട്ടിയതും ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് വിമർശനം. ബേത്തുലിലെ ആദിവാസി കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാൻവേണ്ടി എല്ലാ ആവശ്യമായ അനുമതികളും വാങ്ങിയാണ് സ്കൂൾ നിർമാണം ആരംഭിച്ചതെന്നും എന്നാൽ, മുസ് ലിം വ്യക്തി സ്കൂൾ ആരംഭിച്ചതിനാൽ ബി.ജെ.പി ഇക്കോസിസ്റ്റം അവിടെ മദ്റസ നടത്തുന്നുവെന്ന് അഭ്യൂഹം പ്രചരിപ്പിക്കുയും ഒടുവിൽ ജില്ല ഭരണകൂടം യാതൊരു അന്വേഷണമോ നോട്ടീസോ വാദിക്കാനുള്ള അവസരമോ നൽകാതെ സ്കൂളിനു നേരെ ബുൾഡോസർ കയറ്റിയെന്നും മുതിർന്ന കോൺഗ്രസ് നേതാവ് നസീർ ഹുസൈൻ എം.പി പറഞ്ഞു.

ശ്രീമാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളജിൽ നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നേടിയ 50ൽ 42 പേർ മുസ് ലിംകളായതിനാലാണ് കോളജിന്റെ അംഗീകാരം റദ്ദാക്കിയത്. സെപ്റ്റംബറിൽ എം.ബി.ബി.എസ് കോഴ്സിന് അനുമതി നൽകിയപ്പോൾ അടിസ്ഥാന സൗകര്യങ്ങളുടെയും നിയമങ്ങളുടെയും പരിശോധന നടത്തിയിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. കർണാടകയിലെ ബെലഗാവിയിൽ മുസ്‍ലിം ഹെഡ്മാസ്റ്ററെ പുറത്താക്കാൻ ചില തീവ്രവാദികൾ സ്കൂളിലെ വെള്ളത്തിന്റെ ടാങ്കിൽ വിഷം കലർത്തി.

അസമിലെ നൽബാരിയിലെ സെന്റ് മേരി സ്കൂളിൽ നടന്നിരുന്ന ക്രിസ്മസ് ആഘോഷം അടിച്ചുതകർത്തു. ബി.ജെ.പി വിദ്യാഭ്യാസ മേഖലയിൽ തുടർച്ചയായി വിഷം പടർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.പി.എ സർക്കാറിന്റെ കാലത്ത് വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമം കൊണ്ടുവന്നിരുന്നെന്നും ബി.ജെ.പി സർക്കാർ വിദ്യാഭ്യാസ സംവിധാനം തകർക്കാനുള്ള അവകാശം കൊണ്ടുവരുകയാണെന്നും ജമ്മു-കശ്മീർ കോൺഗ്രസിന്റെ സഹചുമതലയുള്ള ദിവ്യ മദേർണ കുറ്റപ്പെടുത്തി. ബുൾഡോസർ സംസ്കാരവും വിഷലിപ്ത രാഷ്ട്രീയവും അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Tags:    
News Summary - BJP spreading poison in the education sector - Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.