ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി അഞ്ച് പ്രധാന വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചു. ശനിയാഴ്ച മുൻ മുഖ്യമന്ത്രി എം.ജി.ആറിന്റെ 109ാം ജന്മദിനാഘോഷ പരിപാടികൾക്കിടെയാണ് പ്രഖ്യാപനമുണ്ടായത്. സമൂഹത്തിൽ സാമ്പത്തിക സന്തുലിതാവസ്ഥ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ‘കുലവിളക്ക് പദ്ധതി’യുടെ ഭാഗമായി മുഴുവൻ കുടുംബ കാർഡ് ഉടമകൾക്കും പ്രതിമാസം 2,000 രൂപയുടെ സഹായധനം വിതരണം ചെയ്യും. ഈ തുക കുടുംബത്തിലെ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും.
നിലവിൽ സ്ത്രീകൾക്ക് ടൗൺ ബസ് യാത്ര സൗജന്യമാണ്. അണ്ണാ ഡി.എം.കെ അധികാരത്തിലേറിയാൽ പുരുഷന്മാർക്കുകൂടി സൗജന്യ യാത്ര അനുവദിക്കും. ‘അമ്മ ഇല്ലം പദ്ധതി’ പ്രകാരം ഗ്രാമപ്രദേശങ്ങളിൽ സ്വന്തം വീട് ഇല്ലാത്തവർക്ക് സർക്കാർ സ്ഥലം വാങ്ങി വീടുകൾ നിർമിച്ചുനൽകും. നഗര പ്രദേശങ്ങളിൽ സ്വന്തമായി വീടില്ലാത്തവർക്ക് സൗജന്യമായി അപ്പാർട്ട്മെന്റുകൾ അനുവദിക്കും.
തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽദിനങ്ങൾ 150 ആയി വർധിപ്പിക്കും. സ്ത്രീകൾക്ക് 25,000 രൂപ സബ്സിഡിയോടെ ഇരുചക്ര വാഹനം നൽകും. അണ്ണാ ഡി.എം.കെയുടെ പ്രഖ്യാപനത്തെ ബി.ജെ.പി ഉൾപ്പെടെ എൻ.ഡി.എയിലെ ഘടകകക്ഷികൾ വരവേറ്റു. അണ്ണാ ഡി.എം.കെ വാഗ്ദാനങ്ങൾ നൽകുമെങ്കിലും നടപ്പാക്കില്ലെന്നും നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിയ ഒരേ രാഷ്ട്രീയകക്ഷി ഡി.എം.കെ മാത്രമാണെന്നും ഡി.എം.കെ സംഘടന സെക്രട്ടറി ആർ.എസ്. ഭാരതി പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.