ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ തയാറാക്കിയ വോട്ടർപട്ടികയിലെയും നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന എസ്.ഐ.ആർ വോട്ടർപട്ടികയിലെയും വോട്ടർമാരുടെ എണ്ണത്തിൽ അന്തരം. കേരളത്തിലേതുപോലെ രണ്ട് വോട്ടർപട്ടികകളും തമ്മിൽ എണ്ണത്തിൽ കാണിക്കുന്ന ലക്ഷങ്ങളുടെ അന്തരം എന്തുകൊണ്ടാണെന്ന ചോദ്യമുയർത്തിയിരിക്കുകയാണ് സുപ്രീംകോടതിയും.
കേരളത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിലെ ലക്ഷക്കണക്കിനാളുകൾ എസ്.ഐ.ആർ പട്ടികയിൽ ഇടം കിട്ടാതെ പുറത്തായപ്പോൾ ഉത്തർപ്രദേശിൽ എസ്.ഐ.ആർ കരടിലെ ആകെ വോട്ടർമാരേക്കാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള പട്ടികയിലെ ഗ്രാമീണവോട്ടർ കൂടുതൽ വന്നിരിക്കുകയാണ്. ഇതെങ്ങനെ സംഭവിച്ചെന്ന് വിശദീകരണം നൽകാനാണ് ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ ബാരാബങ്കിയിൽനിന്നുള്ള കോൺഗ്രസ് എം.പി തനൂജ് പുനിയയാണ് ഇക്കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. എന്നാൽ, കേരളത്തിൽനിന്ന് നിരവധി ഹരജിക്കാരുണ്ടായിട്ടും ഈ അന്തരം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നില്ല.
ഉത്തർപ്രദേശിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ ഗ്രാമീണ വോട്ടർമാരെ മാത്രം ഉൾപ്പെടുത്തി തയാറാക്കിയ പട്ടികയിലെ വോട്ടർമാരുടെ എണ്ണം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എസ്.ഐ.ആർ കരട് പട്ടികയിൽ ആകെയുള്ള നഗര, ഗ്രാമീണ വോട്ടുകളേക്കാൾ കുടുതൽ വന്നതാണ് വിചിത്രമായി മാറിയത്. യു.പിയിലെ ഗ്രാമീണ വോട്ടുകളിലാണ് വലിയ തോതിലുള്ള വെട്ടിമാറ്റൽ എസ്.ഐ.ആറിലുണ്ടായതെന്ന് തനൂജ് പുനിയ മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർശിദ്, അഡ്വ. ശാരിഖ് അഹ്മദ് എന്നിവർ മുഖേന സുപ്രീംകോടതിയിൽ സമർപ്പിച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. യു.പിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ എസ്.ഐ.ആറിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ 12.56 കോടി പേരാണുള്ളത്.
2025 ജനുവരിയിലെ വോട്ടർപട്ടികയേക്കാൾ 2.89 കോടി വോട്ടുകൾ കുറവാണിത്. എന്നാൽ, ഗ്രാമപഞ്ചായത്ത് തല വോട്ടർപട്ടിക തയാറാക്കിയപ്പോൾ യു.പിയിലെ ആകെ ഗ്രാമീണ വോട്ടർമാർതന്നെ 12.69 കോടി ഉണ്ടെന്നും യു.പിയിലെ ആകെയുള്ള നഗര, ഗ്രാമീണ വോട്ടർമാരേക്കാൾ 14 ലക്ഷം വോട്ടുകൾ കൂടുതലാണിതെന്നും കോൺഗ്രസ് എം.പി ബോധിപ്പിച്ചു.
എസ്.ഐ.ആർ പ്രക്രിയയുടെതന്നെ വിശ്വാസ്യത തകർക്കുന്നതാണിതെന്നും സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിനെ ഇതു ബാധിക്കുമെന്നും സൽമാൻ ഖുർശിദ് ബോധിപ്പിച്ചു. അതിനാൽ പഞ്ചായത്ത് തല പട്ടികയാണോ നിയമസഭാ പട്ടികയാണോ ശരിയെന്ന് കമീഷൻ വ്യക്തമാക്കണമെന്ന് ഖുർശിദ് ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് വിശദീകരണം നൽകാൻ ബെഞ്ച് കമീഷനോട് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.