രാജസ്ഥാനിലെ അനധികൃത ഖനനം 77 ശതമാനവും അരാവലി മേഖലയിൽ

ന്യൂഡൽഹി: രാജസ്ഥാനിൽ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യപ്പെടുന്ന എഫ്‌.ഐ.ആറുകളിൽ 77 ശതമാനത്തിലധികവും അരാവലി മലനിരകളുമായി ബന്ധപ്പെട്ട ജില്ലകളിൽനിന്നും. അരാവലി മലനിരകളിലെ കടന്നുകയറ്റങ്ങളും, വനനശീകരണവും, അനധികൃത ഖനനങ്ങളും പരിസ്ഥിതിക്ക് കനത്ത പ്രത്യാഘാതം വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയ പഠനം ഇയ്യിടെ പ്രസിദ്ധീകരിക്കുയുണ്ടായി. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തെ അനധികൃത ഖനനത്തിൽ ഭൂരിഭാഗവും ഈ മേഖലയിലാണെന്ന ഡേറ്റ പുറത്തുവരുന്നത്.

അരാവലി മലനിരകളുടെ 70 ശതമാനത്തോളം കടന്നുപോകുന്ന രാജസ്ഥാനിലെ ജില്ലകൾ ആനുപാതികമല്ലാത്ത, വൻതോതിലുള്ള അനധികൃത ഖനനത്തിന്‍റെ കെടുതികൾ നേരിടുകയാണ്. അരാവലി മലകളുടെ നിർവചനത്തിൽ ഇയ്യിടെ നിർദേശിച്ച മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നാൽ രാജസ്ഥാൻ നേരിടുന്ന ഖനന ദുരിതം കൂടുതൽ സങ്കീർണമാകും. നിർവചനത്തിൽ വരുത്താനുദ്ദേശിച്ച മാറ്റങ്ങളാണ് സമീപകാലത്ത് അരാവലിയെ നയപരവും നിയമപരവുമായ തർക്കങ്ങളുടെയും വാദപ്രതിവാദങ്ങളുടെയും കേന്ദ്രബിന്ദുവാക്കിയത്.

അരാവലി മലകളും മലനിരകളും സംബന്ധിച്ച് സമഗ്രവും സുവ്യക്തവുമായ നിർവചനം ഇല്ലാത്തതാണ് അനധികൃത ഖനനം വ്യാപകമാകാൻ ഇടയാക്കുന്നതെന്ന് 2024 മേയ് മാസത്തിൽ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. തുടർന്ന് നിർവചനത്തിൽ നിർദേശിച്ച മാറ്റങ്ങളാകട്ടെ പ്രശ്നവും പ്രതിസന്ധിയും കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്തത്.

Tags:    
News Summary - 77% of illegal mining in Rajasthan is in the Aravalli region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.