ക്രൂരതക്ക് നീതി ലഭിക്കാതെ അവൾ വിടവാങ്ങി; മണിപ്പൂർ കലാപത്തിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു

ഇംഫാൽ: മണിപ്പൂരിൽ വംശീയ കലാപത്തിനിടെ ആൾക്കൂട്ടം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കുക്കി വിഭാഗത്തിൽപ്പെട്ട യുവതി മരിച്ചു. 2023 മേയിൽ മെയ്തേയ്, കുക്കി വിഭാഗക്കാർ തമ്മിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇംഫാലിൽവെച്ച് ഈ യുവതിയെ തട്ടിക്കൊണ്ടുയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഈ അതിക്രമത്തെത്തുടർന്നുണ്ടായ ശാരീരികവും മാനസികവുമായ ആഘാതങ്ങൾ മൂലം ആരോഗ്യനില വഷളായതിനെത്തുടർന്ന് ജനുവരി 10നാണ് യുവതി മരണത്തിന് കീഴടങ്ങിയത്.

2023 മേയിൽ, കലാപം തുടങ്ങിയ ആദ്യ ഘട്ടത്തിൽ ഇംഫാലിൽ നിന്നാണ് യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. തോക്കുധാരികളായ നാലുപേർ ചേർന്ന് ഒരു ബൊലേറോ കാറിൽ കയറ്റി കൊണ്ടുപോവുകയും മൂന്നുപേർ ചേർന്ന് ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. കുന്നിൻ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട യുവതി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഒരു ഓട്ടോറിക്ഷാ ഡ്രൈവർ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചാണ് അവരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. കലാപം രൂക്ഷമായിരുന്നതിനാൽ രണ്ട് മാസത്തിന് ശേഷം ജൂലൈ 21നാണ് പൊലീസിൽ പരാതി നൽകാൻ സാധിച്ചത്.

അതിക്രമത്തെത്തുടർന്ന് യുവതിക്ക് ഗുരുതരമായ ശാരീരിക പരിക്കുകളും മാനസിക ആഘാതവും ശ്വാസതടസ്സവും ഉണ്ടായിരുന്നു. ഗുവാഹത്തിയിൽ ചികിത്സയിലായിരുന്നെങ്കിലും ആരോഗ്യം വീണ്ടെടുക്കാൻ സാധിച്ചില്ല. മരണത്തിന് കീഴടങ്ങുമ്പോൾ 22 വയസ്സായിരുന്നു പ്രായം. താൻ അനുഭവിച്ച ക്രൂരതക്ക് നീതി ലഭിക്കാതെയാണ് അവൾ ഈ ലോകത്തുനിന്ന് വിടവാങ്ങിയതെന്ന വേദനയിലാണ് കുടുംബം.

സംഭവത്തിന് മുമ്പ് വളരെ സന്തോഷവതിയായിരുന്ന തന്റെ മകൾ, ആ ക്രൂരതയ്ക്ക് ശേഷം ചിരിക്കാൻ പോലും മറന്നുപോയെന്ന് അമ്മ പ്രതികരിച്ചു. ഇംഫാലിലെ ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുകയായിരുന്നു അവൾ. യുവതിക്ക് നീതി ഉറപ്പാക്കണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും കുക്കി സംഘടനയായ ഐ.ടി.എൽ.എഫ് ആവശ്യപ്പെട്ടു. മണിപ്പൂരിലെ കലാപത്തിൽ ഇതുവരെ 260ലധികം ആളുകൾ കൊല്ലപ്പെടുകയും 50,000ത്തോളം പേർ പലായനം ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Kidnapped By Mob And Gang-Raped 2 Years Ago, Kuki Woman Dies In Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.