സുപ്രീം കോടതി
ന്യൂഡൽഹി: അഭിഭാഷകരായി ഏഴു വർഷം പരിചയമുള്ള കീഴ്കോടതികളിലെ ജുഡീഷ്യൽ ഓഫിസർമാരെ അഭിഭാഷകർക്കായി സംവരണം ചെയ്ത ഒഴിവുകളിൽ ജില്ല ജഡ്ജിമാരും അഡീഷനൽ ജില്ല ജഡ്ജിമാരുമായി നിയമിക്കാമെന്ന് സുപ്രീം കോടതി. ജഡ്ജിയായും അഭിഭാഷകനായും മൊത്തം ഏഴുവർഷം പരിചയമുള്ള ജുഡീഷ്യൽ ഓഫിസർക്കും നേരിട്ടുള്ള നിയമനത്തിന് അപേക്ഷ സമർപ്പിക്കാമെന്ന് കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, അരവിന്ദ് കുമാർ, എസ്.സി. ശർമ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് രണ്ട് വ്യത്യസ്ത വിധികളിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ജില്ല ജഡ്ജിയായി നിയമിക്കുന്നതിനുള്ള യോഗ്യത അപേക്ഷ സമർപ്പിക്കുന്ന സമയത്ത് പരിശോധിക്കണമെന്ന് കോടതി വിധിച്ചു. അപേക്ഷിക്കുന്ന തീയതിയിൽ 35 വയസ്സ് പൂർത്തിയായിരിക്കണമെന്നും ഉത്തരവിലുണ്ട്. സംസ്ഥാന സർക്കാറുകൾ ഹൈകോടതികളുമായി കൂടിയാലോചിച്ച് മൂന്ന് മാസത്തിനുള്ളിൽ നിയമങ്ങൾ ഭേദഗതി ചെയ്യണമെന്നും വിധിയിൽ പറയുന്നു.
ഹൈകോടതികളോ സുപ്രീം കോടതിയോ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ച കേസുകളിൽ ഒഴികെ ഭാവിയിലെ നിയമനങ്ങൾക്ക് ഈ വിധി ബാധകമാകുമെന്ന് ഭരണഘടനാ ബെഞ്ച് പറഞ്ഞു.
കീഴ്കോടതികളിലെ ജുഡീഷ്യൽ ഓഫിസർമാർക്ക് അനീതി നേരിട്ടെന്നും ജില്ല ജഡ്ജിമാരുടെ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിലൂടെ അവരെ തിരഞ്ഞെടുക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടെന്നും കോടതി പറഞ്ഞു. അഭിഭാഷക ക്വോട്ടയിൽ ജുഡീഷ്യൽ ഓഫിസർമാരായി നിയമിക്കുന്നതിന് അപേക്ഷിക്കുന്നതിൽ നിന്ന് കീഴ്കോടതി ജഡ്ജിമാരെ വിലക്കിയ 2020ലെ ധീരജ് മോർ കേസിലെ വിധി സുപ്രീം കോടതി റദ്ദാക്കി.
ഉയർന്നുവരുന്ന പ്രതിഭകളെ എത്രയും വേഗം തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കാതെ അവരെ ഉപേക്ഷിക്കുന്നത് ജുഡീഷ്യൽ ഘടനയെ ദുർബലപ്പെടുത്തുമെന്ന് ജസ്റ്റിസ് സുന്ദരേഷ് മറ്റൊരു വിധിയിൽ പറഞ്ഞു. രാജ്യത്തുടനീളമുള്ള ജുഡീഷ്യൽ നിയമനത്തിന് വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കരുതുന്ന വിഷയങ്ങളെക്കുറിച്ചുള്ള 30 ലധികം ഹരജികളാണ് കോടതി പരിഗണിച്ചത്. വിശദമായ വിധി പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.