ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിൽ യു,പി.എസ്.സിയെ കണ്ട് പഠിക്കാൻ എൻ.ടി.എയോട് സുപ്രീം കോടതി. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നീറ്റ് യു.ജി പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. വിഷയത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി നേരിട്ട് കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയെങ്കിലും, നാഷണൽ ടെസ്റ്റിങ് ഏജൻസി നിലവിൽ പ്രവർത്തിക്കുന്ന അഡ് ഹോക് രീതിയിൽ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് കടുത്ത ആശങ്ക രേഖപ്പെടുത്തി.
മെയ് 3-ന് നടന്ന 2026-ലെ നീറ്റ് യു.ജി പരീക്ഷ, ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളെ തുടർന്ന് മെയ് 12-നാണ് റദ്ദാക്കിയത്. നിലവിൽ സി.ബി.ഐ ആണ് ഈ കേസ് അന്വേഷിക്കുന്നത്. എൻ.ടി.എ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ പരിഗണിക്കവെ, പതിറ്റാണ്ടുകളായി യാതൊരുവിധ ചോർച്ചയുമില്ലാതെ വൻതോതിൽ പരീക്ഷകൾ നടത്തുന്ന യൂനിയൻ പബ്ലിക് സർവീസ് കമീഷൻ പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് എൻ.ടി.എ പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ഭാവിയിൽ എൻ.ടി.എക്ക് വിശ്വസനീയമായ രീതിയിൽ പരീക്ഷകൾ നടത്തുന്നതിന് പ്രത്യേക വൈദഗ്ദ്യമുള്ള ജീവനക്കാരെ നിയമിച്ചുകൊണ്ട് എങ്ങനെ ഒരു സ്ഥിരതയുള്ള സ്ഥാപന സംവിധാനം കെട്ടിപ്പടുക്കാൻ കഴിയും എന്നതിനെക്കുറിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.
രാജ്യത്തെ യുവാക്കളെ ബാധിക്കുന്ന വിഷയമായതിനാൽ സർക്കാർ ഇതിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിക്ക് ഉറപ്പ് നൽകി. ചോദ്യപേപ്പർ അച്ചടിക്കുന്നത് മുതൽ വിതരണം ചെയ്യുന്നത് വരെയുള്ള പരീക്ഷാ പ്രക്രിയ പൂർണമായി അവലോകനം ചെയ്തിട്ടുണ്ടെന്നും പുതിയ സുരക്ഷാ വീഴ്ചകൾ പരിഹരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങളുടെ അധ്വാനം നിക്ഷേപിച്ച ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് 2026-ലെ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കിയത് വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് കോടതി പറഞ്ഞു. എ.ഐ പോലുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പരീക്ഷാ സംവിധാനത്തെ നിരന്തരം വിലയിരുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ഐ.ഐ.ടി ഉൾപ്പെടെയുള്ള പ്രമുഖ സർവകലാശാലകളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് ഒരു സ്ഥിരം നിരീക്ഷണ സംവിധാനം രൂപീകരിക്കാനും ബെഞ്ച് നിർദ്ദേശിച്ചു.
2024-ലെ ചോദ്യപേപ്പർ ചോർച്ചക്ക് ശേഷം നീറ്റ് പ്രക്രിയ ശക്തമാക്കുന്നതിനായി വിപുലമായ ശുപാർശകൾ സമർപ്പിച്ച, കോടതി രൂപീകരിച്ച നിരീക്ഷണ സമിതിയുടെ തലവനും മുൻ ഐ.എസ്.ആർ.ഒ ചെയർമാനുമായ ഡോ. കെ. രാധാകൃഷ്ണൻ കോടതിയിൽ എത്തിയിരുന്നു. സമിതിയുടെ ശുപാർശകൾ ഉണ്ടായിരുന്നിട്ടും എങ്ങനെയാണ് പുതിയ വിവാദങ്ങൾ ഉണ്ടായതെന്ന് ബെഞ്ച് ചോദിച്ചു.
കമ്മിറ്റി 35 ദീർഘകാല ശുപാർശകളും 60 ഓളം ഹ്രസ്വകാല ശുപാർശകളും നൽകിയിട്ടുണ്ടെന്നും അവയിൽ ഭൂരിഭാഗവും നടപ്പിലാക്കിയിട്ടുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു. പവർ കട്ട് പോലുള്ള ചില പ്രശ്നങ്ങൾ ഒഴിച്ചാൽ 2025-ലെ നീറ്റ് പി.ജി പരീക്ഷ മിക്കവാറും തൃപ്തികരമായി നടത്തിയതായും അദ്ദേഹം അറിയിച്ചു. പുതിയ സുരക്ഷാ വീഴ്ചകളുടെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന റീ-നീറ്റ് പരീക്ഷക്കുള്ള മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എൻ.ടി.എ പിരിച്ചുവിടുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യണമെന്നും, നിയമപരമായ ഒരു ദേശീയ പരീക്ഷാ ബോഡി രൂപീകരിക്കുന്നതിനായി നിയമനിർമാണം നടത്തണമെന്നും, ഭാവിയിലെ പരീക്ഷകൾ കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്നും യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട്, ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ് എന്നിവർ സമർപ്പിച്ച ഹരജികളിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.