മണിപ്പൂരിലെ അക്രമം
ഇംഫാൽ: മണിപ്പൂരിലെ സേനാപതി ജില്ലയിൽ അസം റൈഫിൾസ് നടത്തിയ തെരച്ചിൽ നടപടിക്ക് പിന്നാലെ ആൾക്കൂട്ടം ക്യാമ്പ് ആക്രമിച്ചു. കല്ലേറിലും അക്രമത്തിലും മൂന്ന് വാഹനങ്ങൾ തകർക്കുകയും ഒരു സൈനിക വാഹനം ഉൾപ്പെടെ നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച അർധസൈനിക വിഭാഗത്തിന്റെ ജില്ലാ ടൗൺ ക്യാമ്പിലാണ് ആക്രമണമുണ്ടായത്. ജനക്കൂട്ടം ബാരക്ക് ആക്രമിക്കുകയായിരുന്നു. നാഗ തഫൗവിലാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മകുയിലോങ്ഡി മേഖലയിൽ ആയുധധാരികളായ എൻ.എസ്.സി.എൻ പ്രവർത്തകർക്ക് വേണ്ടി അസം റൈഫിൾസ് പട്രോളിങ്ങും തെരച്ചിലും നടത്തിയിരുന്നു. വെടിനിർത്തൽ കരാറിന്റെ വ്യവസ്ഥകൾ ലംഘിച്ച് ആയുധധാരികൾ ക്യാമ്പിന് പുറത്തു തങ്ങുന്നുവെന്ന വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നുവെന്ന് പ്രതിരോധ വക്താവ് വ്യക്തമാക്കി. ക്യാമ്പിന് പുറത്ത് ആയുധധാരികൾ റോന്തുചുറ്റുന്നുവെന്ന വിവരത്തെ തുടർന്നാണ് അസം റൈഫിൾസ് മേഖലയിൽ തെരച്ചിൽ നടത്തിയത്. മകുയ്‌ലോങ്ഡി, ഒക്‌ലോങ് ഗ്രാമങ്ങളിലായിരുന്നു തിരച്ചിൽ. തിരച്ചിലിനിടെ പ്രാദേശവാസികൾ സൈനികരെ തടഞ്ഞതായി അധികൃതർ അറിയിച്ചു.
തുടർന്ന് രാത്രി ഒമ്പതു മണിയോടെ സേനാപതി പട്ടണത്തിൽ ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയതായും അസം റൈഫിൾസ് ക്യാമ്പിലേക്ക് മാർച്ച് ചെയ്യാൻ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകൾ വന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച സന്ദേശങ്ങളുടെ പശ്ചാത്തലത്തിൽ വലിയ ആൾക്കൂട്ടം സെനാപതിയിലെ അസം റൈഫിൾസ് ക്യാമ്പിലേക്ക് രാത്രി 9.30 ഓടെ മാർച്ച് നടത്തുകയുകയായിരുന്നു. തുടർന്ന് ക്യാമ്പിന് നേരെ കല്ലേറ് നടത്തുകയും വാഹനങ്ങൾ നശിപ്പിക്കുകയും തീവെക്കുകയും ചെയ്തു. സംഭവത്തിൽ രണ്ട് ട്രക്കുകൾ മറിച്ചിടുകയും ഒരു കാറും കത്തിനശിക്കുകയും ചെയ്തു. മണിപ്പൂരിലെ അക്രമങ്ങളിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും സുരക്ഷാ ഏജൻസികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.