ന്യൂഡൽഹി: ഭീതിയുടെ ആഴക്കടൽ പിന്നിട്ടെന്ന ആശ്വാസത്തിൽ കുടുംബത്തിന് അയച്ച അവസാന സന്ദേശം ഒരു വിടപറച്ചിലാവുമെന്ന് ആരും കരുതിയിരുന്നില്ല. ‘കപ്പൽ സുരക്ഷിതമായി കടന്നുപോയി...’- ഒടുവിലായി മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞ ആ വാക്കുകൾ പൂനെയിലെ ആ വീടിനെ ഇപ്പോൾ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
ഹുർമുസ് കടലിടുക്കിൽ ഇറാന്റെ ആക്രമണത്തിൽ സൈപ്രസ് പതാകയുള്ള ‘ജി.എഫ്.എക്സ് ഗാലക്‌സി’ എന്ന വാണിജ്യ കപ്പലിലെ സെക്കൻഡ് എൻജിനീയറായ പുണെ സ്വദേശി ഹേരംബ് കർമാർക്കർ (30) ആണ് കൊല്ലപ്പെട്ടത്.
കപ്പൽ ആക്രമിക്കപ്പെട്ട ഞായറാഴ്ച മുതൽ കാണാതായ ഹേരംബ് മരണപ്പെട്ടതായി ബുധനാഴ്ചയാണ് കുടുംബം സ്ഥിരീകരിച്ചത്.
ഒമാൻ തീരത്തിന് സമീപം ഹുർമുസ് കടലിടുക്ക് കടക്കുമ്പോൾ വലിയ ആശങ്കയിലായിരുന്നു ഹേരംബും കുടുംബവും. അന്താരാഷ്ട്ര തലത്തിൽ കടുത്ത സംഘർഷം നിലനിൽക്കുന്ന മേഖലയായതിനാൽ കപ്പൽ സുരക്ഷിതമായി കടന്നുപോകാൻ പ്രാർഥനകളോടെ കാത്തിരിക്കുകയായിരുന്നു പ്രിയപ്പെട്ടവർ. ഭയപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ലെന്ന് ഉറപ്പുവരുത്തി, തങ്ങൾ സുരക്ഷിത മേഖലയിലെത്തിയെന്ന് ഹേരംബ് വീട്ടിലേക്ക് മെസ്സേജ് അയച്ചു.
എന്നാൽ, ആ ആശ്വാസത്തിന് നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സന്ദേശം അയച്ചതിന് തൊട്ടുപിന്നാലെ കപ്പലിന് നേരെ ആക്രമണമുണ്ടാവുകയായിരുന്നു. യു.എസ് സെൻട്രൽ കമാൻഡിന്റെ റിപ്പോർട്ട് പ്രകാരം ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോപ്‌സ് ആണ് കപ്പലിന് നേരെ ആക്രമണം നടത്തിയത്.
ഹേരംബിന്റെ മരണവാർത്ത സ്ഥിരീകരിച്ചതോടെ തകർന്ന അവസ്ഥയിലാണ് കുടുംബം.
‘അവൻ 30 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരനാണ്, പ്രായമായ ആളല്ല. ഞങ്ങളുടെ ഒരേയൊരു അഭ്യർഥന അവന്റെ മൃതദേഹം കേടുപാടുകൾ കൂടാതെ എത്രയും വേഗം നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ സഹായിക്കണം എന്നാണ്’-ഹേരംബിന്റെ ഭാര്യാപിതാവ് വിവേക് തണ്ടൻ വാർത്താ ഏജൻസിയായ ഐ.എൻ.എ.എസിനോട് വിതുമ്പലോടെ പറഞ്ഞു.
അതേസമയം, വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളെ ശക്തമായാണ് ഇന്ത്യ അപലപിച്ചത്. മേഖലയിലെ നിലവിലെ സാഹചര്യം അതീവ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണ സമയത്ത് കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരിൽ 10 പേരെയും രക്ഷപ്പെടുത്താൻ സാധിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ ഇന്ത്യൻ എംബസി ഒമാൻ അധികൃതരുമായും കപ്പൽ മാനേജ്‌മെന്റുമായും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ആഗോള എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ ജലപാതയാണ് ഹുർമുസ് കടലിടുക്ക്. അന്താരാഷ്ട്ര ഊർജ്ജ സുരക്ഷയെയും കപ്പൽ ഗതാഗതത്തെയും നേരിട്ട് ബാധിക്കുന്നതാണ് ഇവിടെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ. മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ കപ്പൽ ജീവനക്കാരായ സാധാരണക്കാരുടെ ജീവൻ കൂടിയാണ് ഇപ്പോൾ കവർന്നെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.