തസ്‌ലിമ നസ്‌റീൻ 

19 വർഷത്തിന് ശേഷം തസ്‌ലിമ നസ്‌റീൻ കൊൽക്കത്തയിലേക്ക്; പുതിയ ബംഗാൾ ഉദിക്കുന്നുവെന്ന് ബി.ജെ.പി

കൊൽക്കത്ത: ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ബംഗാളി എഴുത്തുകാരി തസ്‌ലിമ നസ്‌റീൻ കൊൽക്കത്തയിലേക്ക് തിരിച്ചെത്തുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെയും മതേതര മൂല്യങ്ങളുടെയും ആഘോഷമായാണ് സംഘാടകർ ഈ സന്ദർശനത്തെ കാണുന്നത്. എന്നാൽ, പശ്ചിമ ബംഗാളിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. വർഷങ്ങളായി നിലനിന്നിരുന്ന മതപരമായ ഒത്തുതീർപ്പുകൾക്ക് വിട നൽകി, ഒരു പുതിയ ബംഗാൾ പിറവികൊള്ളുന്നതിന്‍റെ അടയാളമായാണ് ബി.ജെ.പി ഈ സന്ദർശനത്തെ വിശേഷിപ്പിക്കുന്നത്.

ആഗസ്റ്റ് ഒന്നിന് രവീന്ദ്ര സദനിലാണ് പരിപാടി നടക്കുന്നത്. കവിതാ പാരായണവും ചർച്ചകളും ഉൾപ്പെടുന്ന പരിപാടിയിൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും പങ്കെടുക്കുന്നുണ്ട്. തസ്‌ലിമയെ നഗരത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ പുതിയ ബംഗാളിന്‍റെ ഭാഗമാണെന്ന് സംഘാടകനായ മോഹിത് റോയ് വ്യക്തമാക്കി. തസ്‌ലിമയുടെ തിരിച്ചുവരവ് സ്ഥിരമാക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തസ്‌ലിമയുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഒരേടാണ് 2007 നവംബർ 21ലെ സംഭവങ്ങൾ. മതപരമായ അസഹിഷ്ണുതയും തീവ്രവാദവും ഉയർന്നതിനെത്തുടർന്ന് അന്നത്തെ ഇടതുപക്ഷ സർക്കാർ തസ്‌ലിമയോട് നഗരം വിട്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. അവരുടെ ആത്മകഥയായ 'ദ്വിഖണ്ഡിത' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾക്കെതിരെ ചില മുസ്‌ലിം സംഘടനകൾ പ്രതിഷേധിക്കുകയും, ഇത് അക്രമാസക്തമായി കലാശിക്കുകയും ചെയ്തതോടെയാണ് നഗരത്തിൽ സൈന്യത്തെ വരെ വിന്യസിക്കേണ്ട സാഹചര്യം ഉണ്ടായത്.

തുടർന്ന് ജയ്പൂരിലേക്കും പിന്നീട് ഡൽഹിയിലേക്കും മാറേണ്ടി വന്ന തസ്‌ലിമക്ക്, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വലിയ പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നത്. ബംഗ്ലാദേശിൽ നിന്ന് 1994ൽ തന്നെ പലതവണ മതപരമായ ഉത്തരവ് നേരിട്ട തസ്‌ലിമ, കൊൽക്കത്തയെയാണ് തനിക്ക് ഏറ്റവും അഭയമായി തോന്നിയിരുന്നതെന്ന് പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

തസ്‌ലിമയുടെ മടങ്ങിവരവ് ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയൊരു സംവാദത്തിന് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. മുൻപ് അധികാരത്തിലിരുന്ന ഇടതുപക്ഷവും തുടർന്ന് തൃണമൂൽ കോൺഗ്രസും രാഷ്ട്രീയ ലാഭത്തിന് വേണ്ടി തസ്‌ലിമയുടെ വിഷയത്തിൽ മൗനം പാലിക്കുകയോ, ക്രമസമാധാന പ്രശ്നങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയോ ആയിരുന്നു പതിവ്. ഇസ്‌ലാമിക മതതീവ്രവാദത്തെ ശക്തമായി എതിർക്കുന്ന ചുരുക്കം ചില ശബ്ദങ്ങളിൽ ഒന്നാണ് തസ്‌ലിമയെന്ന് ബി.ജെ.പി വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അവരുടെ തിരിച്ചുവരവ് ഒരു വിജയമായി ഉയർത്തിക്കാട്ടാനാണ് പാർട്ടി ശ്രമിക്കുന്നത്.

രാഷ്ട്രീയ വടംവലികൾക്കിടയിലും, താൻ ഇനി ഒരു ഫുട്ബാളിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും തട്ടപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും, പകരം സാഹിത്യമേളകളിലും പുസ്തകമേളകളിലും പങ്കെടുക്കാൻ തന്നെ അനുവദിക്കണമെന്നുമാണ് തസ്‌ലിമ നേരത്തെ വ്യക്തമാക്കിയിരുന്നത്. 

Tags:    
News Summary - Taslima Nasrin Returns to Kolkata After 19 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.