ഗ്രഹാം സ്റ്റെയ്‌ൻസിനെയും മക്കളെയും ചുട്ടുകൊന്ന ധാരാ സിങ്ങിനെ ജയിലിൽനിന്ന് മോചിപ്പിക്കുന്നു; തടവിൽ ‘നല്ലനടപ്പെ’ന്ന് വിലയിരുത്തി ഒഡിഷ സർക്കാർ

ഭുവനേശ്വർ: ആസ്‌ട്രേലിയൻ ക്രിസ്ത്യൻ മിഷണറി ഗ്രഹാം സ്റ്റെയ്‌ൻസിനെയും രണ്ട് പിഞ്ചുമക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതി ധാരാ സിങ്ങിനെ ജയിൽ മോചിതനാക്കാൻ ഒഡീഷ സർക്കാറിന്റെ നീക്കം. തടവുകാലത്ത് പ്രതി ജയിലിൽ ‘നല്ലനടപ്പാ’യിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേറ്റ് സെന്റൻസ് റിവ്യൂ ബോർഡ് മോചനത്തിന് ശുപാർശ ചെയ്തത്. സർക്കാർ കൂടി ഈ ശുപാർശയ്ക്ക് അംഗീകാരം നൽകുന്നതോടെ ധാരാ സിങ് പുറത്തിറങ്ങും.

ഇന്ത്യയെയും ലോകത്തെയും ഒരുപോലെ നടുക്കിയ കൊലക്കേസിലെ പ്രതിയെ ശിക്ഷാ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് വിട്ടയക്കാനാണ് ബി.ജെ.പി സർക്കാർ ഒരുങ്ങുന്നത്. 26 വർഷത്തിലധികം തടവുശിക്ഷ അനുഭവിച്ച ധാരാ സിങ് നിലവിൽ കിയോഞ്ജർ ജില്ലാ ജയിലിലാണുള്ളത്.

1999 ജനുവരി 22നായിരുന്നു ക്രൂരകൃത്യം അരങ്ങേറിയത്. കിയോഞ്ജർ ജില്ലയിലെ മനോഹർപൂരിൽ എത്തിയതായിരുന്നു ഗ്രഹാം സ്റ്റെയ്‌ൻസും മക്കളായ ഫിലിപ്പും (11) തിമോത്തി(7)യും. രാത്രി അവർ വാനിൽ ഉറങ്ങുമ്പോഴാണ് ധാരാ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ തീവ്രവാദ സംഘം വാനിന് പുറത്തുനിന്ന് തീ കൊളുത്തിയത്. വാനിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്തവിധം അക്രമികൾ വാതിലുകൾ പുറത്തുനിന്ന് പൂട്ടിയാണ് ഇവരെ ചുട്ടെരിച്ചത്.

ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാൽ, ഗ്രഹാം സ്റ്റെയ്‌ൻസ് കുഷ്ഠരോഗികളെ ചികിൽസിക്കാനായി ഒരു അഭയകേന്ദ്രം നടത്തുകയായിരുന്നുവെന്നും മതപരിവർത്തനത്തിന് തെളിവുകളില്ലെന്നും സുപ്രീം കോടതി ജസ്റ്റിസ് ഡി.പി. വധ്വ അധ്യക്ഷനായ കമ്മീഷൻ പിന്നീട് കണ്ടെത്തിയിരുന്നു.

കേസിൽ ആകെ 51 പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ധാരാ സിങ് ഉൾപ്പെടെ 14 പേരെയാണ് പ്രത്യേക സി.ബി.ഐ കോടതി ശിക്ഷിച്ചത്. ധാരാ സിങ്ങിന് ആദ്യം വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് ഒഡീഷ ഹൈകോടതി അത് ജീവപര്യന്തമായി കുറച്ചു. ധാരാ സിങ് കൂടി മോചിതനാകുന്നതോടെ ഗ്രഹാം സ്റ്റെയ്‌ൻസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെല്ലാവരും പുറത്തെത്തും.

2026 ജൂലൈ ആദ്യവാരം ചേർന്ന സെന്റൻസ് റിവ്യൂ ബോർഡ് യോഗമാണ് ധാരാ സിംഗിന്റെ മോചനം പരിഗണിച്ചത്. ജയിൽ ഡിജിപി നൽകിയ നിർദേശം പരിഗണിച്ച് ബോർഡ് അംഗീകാരം നൽകുകയായിരുന്നു.

നേരത്തെ, 2025 സെപ്റ്റംബറിൽ നടന്ന യോഗത്തിൽ ധാരാ സിംഗിന്റെ മോചനം നീട്ടിവെച്ചിരുന്നു. ഇയാളുടെ ജന്മനാടായ ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിൽ നിന്നുള്ള പൊലീസ് റിപ്പോർട്ട് ലഭിക്കാത്തതിനാലായിരുന്നു ഇത്.

ധാരാ സിങ്ങിന്റെ മോചനത്തിനായി മുൻപ് പലതവണ കാമ്പയിനുകൾ നടന്നിട്ടുണ്ട്. വിദ്വേഷപ്രചാരണത്തിലൂ​ടെ വിവാദ നായകനായ സുദർശൻ ടിവി എഡിറ്റർ ഇൻ ചീഫ് സുരേഷ് ചാവങ്കെയുടെ നേതൃത്വത്തിൽ 2022-ൽ നടന്ന പ്രതിഷേധങ്ങളിൽ നിലവിലെ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും പങ്കെടുത്തിരുന്നു. ധാരാ സിംഗിനെ കാണാൻ അനുമതി നിഷേധിച്ചതിനെത്തുടർന്ന് അന്ന് ഇരുവരും ജയിലിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Full View

Tags:    
News Summary - Odisha panel clears early release of prime convict in murder of Graham Staines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.