ഐ.എ.എസ് ഓഫീസറാണെന്ന വ്യാജേന വിവാഹം കഴിച്ച യുവതി അറസ്റ്റിൽ; 40 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായി ഭർത്താവിന്റെ പരാതി

ലഖ്നോ: ഉത്തർപ്രദേശിലെ ബറേലിയിൽ ഐ.എ.എസ് ഉദ്യോഗസ്ഥയാണെന്ന് നടിച്ച് വ്യാജ മേൽവിലാസത്തിൽ വിവാഹം കഴിച്ച് ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബദായൂം സ്വദേശിനിയായ സാധന എന്ന യുവതിയാണ് അറസ്റ്റിലായത്. വിവാഹത്തിന് ശേഷം യുവതി തന്നിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും കാണിച്ച് ഭർത്താവായ അഭിഷേക് നൽകിയ പരാതിയിലാണ് നടപടി.

വളരെ ആസൂത്രിതമായാണ് സാധന ഈ തട്ടിപ്പ് നടത്തിയത്. സോഷ്യൽ മീഡിയയിൽ ഐ.എ.എസ് ഉദ്യോഗസ്ഥയുടേത് എന്ന രീതിയിൽ വ്യാജ ഫോട്ടോകളും വിഡിയോകളും പോസ്റ്റ് ചെയ്താണ് ഇവർ അഭിഷേകിനെയും കുടുംബത്തെയും വിശ്വസിപ്പിച്ചത്. താൻ സിവിൽ സർവീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥയാണെന്ന സാധനയുടെ വാദങ്ങൾ സത്യമാണെന്ന് കരുതിയാണ് അഭിഷേകും കുടുംബവും ഈ വിവാഹത്തിന് സമ്മതിച്ചത്. എന്നാൽ, വിവാഹ ശേഷമാണ് തങ്ങൾ അതിക്രൂരമായ ഒരു തട്ടിപ്പിനിരയായിരിക്കുകയാണെന്ന് ഈ കുടുംബം തിരിച്ചറിഞ്ഞത്.

വിവാഹം കഴിഞ്ഞതോടെ സാധനയുടെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാകാൻ തുടങ്ങിയതായി ഭർത്താവ് അഭിഷേക് പൊലീസിനോട് വെളിപ്പെടുത്തി. തന്നെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുകയും കുടുംബത്തെ ഒന്നടങ്കം ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതിനുപുറമെ ബദായൂമിലുള്ള തന്റെ സ്വന്തം സ്ഥലത്ത് ആശുപത്രി പണിയുന്നതിനായി അഭിഷേകിന്റെ കൃഷിഭൂമി വിറ്റ് 40 ലക്ഷം രൂപ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന ഭീഷണിയും ഉണ്ടായിരുന്നു.

അഭിഷേകിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഫരീദ്പൂർ പൊലീസ് സ്റ്റേഷനിൽ സാധനക്കും കുടുംബത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്. സാധനയുടെ പിതാവ് നരേന്ദ്ര പാൽ സിങ്, സഹോദരൻ സൂര്യ പ്രതാപ്, അമ്മാവൻ രാജേന്ദ്ര സിങ് എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളും ഐ.ടി ആക്ടും ചേർത്താണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഒളിവിലായിരുന്ന സാധനയെ പൊലീസ് നടത്തിയ വലിയ തെരച്ചിലിനൊടുവിലാണ് പിടികൂടിയത്.

പൊലീസ് ചോദ്യം ചെയ്യലിൽ സാധന തന്റെ കുറ്റസമ്മതം നടത്തിയതായി സൗത്ത് സൂപ്രണ്ട് ഓഫ് പൊലീസ് അൻഷിക വർമ്മ അറിയിച്ചു. ഫേസ്ബുക്കിലൂടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് താൻ അഭിഷേകിന്റെ വിശ്വാസം പിടിച്ചുപറ്റിയതെന്ന് ഇവർ സമ്മതിച്ചു. യഥാർത്ഥത്തിൽ ഒരു ബി.എസ്‌.സി ബിരുദധാരിയായ സാധന സർക്കാർ ജോലികൾക്കായുള്ള പരീക്ഷകൾക്ക് തയാറെടുക്കുകയായിരുന്നു. ഇവരുടെ അച്ഛൻ ഒരു കർഷകനാണ്. കേസിലെ മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags:    
News Summary - Woman arrested for posing as IAS officer to marry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.