ദുബൈ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ സൗകര്യാർഥം പുതിയ ഫ്ലെക്സിബിൾ പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ച് എമിറേറ്റ്സ്. എമിറേറ്റ്സ് വിമാനങ്ങളിലെ യാത്രക്കാർക്ക് ഇനി മുതൽ കുറഞ്ഞ നിരക്കിലുള്ള മാസത്തവണകളായി ടിക്കറ്റ് തുക അടക്കാം. ഇന്ത്യയിലെ എമിറേറ്റ്സ് യാത്രക്കാർക്ക് ഏകദേശം 140 സ്ഥലങ്ങളിലേക്കുള്ള യാത്രാ ടിക്കറ്റുകൾ ഇനി ഇ.എം.ഐ സൗകര്യം വഴി ബുക്ക് ചെയ്യാം.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മുഴുവൻ തുകയും ഒന്നിച്ച് അടക്കുന്നതിന് പകരം, മൂന്നുമാസം മുതൽ 36 മാസം വരെയുള്ള ലളിതമായ മാസത്തവണകളായി ടിക്കറ്റ് തുക അടക്കാൻ സാധിക്കും.
എങ്ങനെ ഉപയോഗിക്കാം?
ഉപഭോക്താക്കൾക്ക് തങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് emirates.com വെബ്‌സൈറ്റിൽ ഈ പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കാം. ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.എസ്.ബി.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആർ.ബി.എൽ ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് എന്നിവയാണ് ഈ പദ്ധതിയിൽ പങ്കാളികളായിട്ടുള്ള പ്രമുഖ ബാങ്കുകൾ.
‘ഇന്ത്യയിലെ ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്കായി ഫ്ലെക്സിബിൾ പേയ്‌മെന്റ് സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇത് കൂടുതൽ ആളുകൾക്ക് ആഗോള യാത്രകൾ സാധ്യമാക്കും. ഇന്ത്യയിലെ യാത്രക്കാർക്ക് അവരുടെ ആവശ്യത്തിനനുസരിച്ചുള്ള പേയ്‌മെന്റ് പ്ലാനുകളും ബാങ്കുകളും തിരഞ്ഞെടുക്കാൻ ഇതിലൂടെ സാധിക്കും’ -എമിറേറ്റ്സ് ഇന്ത്യ ആൻഡ് നേപ്പാൾ വൈസ് പ്രസിഡന്റ് മുഹമ്മദ് സർഹാൻ പറഞ്ഞു. പുതിയ സംവിധാനം വലിയ മാറ്റത്തിന് വഴിവെക്കുമെന്നും, ബജറ്റിന് അനുസൃതമായ മാസത്തവണകളിലൂടെ ആളുകൾക്ക് ഏറെ നാളായി കാത്തിരുന്ന അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യാനും യാത്രകൾ കൂടുതൽ മികച്ചതാക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.