ശൈഖ് ഹസീന

‘മടങ്ങിവരു​മ്പോൾ ലോകത്തെ മികച്ച അഭിഭാഷകരെയും ഒപ്പം കൂട്ടിക്കോളൂ’; ശൈഖ് ഹസീനയുടെ തിരിച്ചുവരവിനെ വെല്ലുവിളിച്ച് ബംഗ്ലാദേശ്

ധാക്ക: മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന വാർത്തയെ സ്വാഗതം ചെയ്ത് ബംഗ്ലാദേശ് സർക്കാർ. വധശിക്ഷക്ക് വിധിക്കപ്പെട്ട ഹസീന മടങ്ങിവരികയാണെങ്കിൽ ‘ലോകത്തിലെ ഏറ്റവും മികച്ച അഭിഭാഷകരെ വേണമെങ്കിൽ കൂടെക്കൊണ്ടുവരാം’ എന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേശകൻ സാഹിദ് ഉർ റഹ്മാൻ വെല്ലുവിളിച്ചു. ഈ വർഷാവസാനത്തോടെ ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങാൻ സാധ്യതയുണ്ടെന്ന സൂചന നൽകിയതിന് പിന്നാലെയാണ് സർക്കാരിന്റെ പ്രതികരണം.

നീതി ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും, ഹസീന തിരിച്ചെത്തിയാൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും സാഹിദ് ഉർ റഹ്മാൻ പറഞ്ഞു. 2024ലെ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കെതിരെ സർക്കാർ നടത്തിയ അടിച്ചമർത്തലുകളുമായി ബന്ധപ്പെട്ട് "മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം" ആരോപിച്ച് ധാക്കയിലെ പ്രത്യേക ട്രിബ്യൂണൽ കഴിഞ്ഞ വർഷമാണ് ഹസീനക്ക് വധശിക്ഷ വിധിച്ചിച്ചത്. തന്റെ സർക്കാരിന്റെ തകർച്ചയെത്തുടർന്ന് രാജ്യം വിട്ട ഹസീന നിലവിൽ ഇന്ത്യയിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഹസീനക്കൊപ്പം ഇന്ത്യയിലേക്ക് പാലായനം ചെയ്ത അവാമി ലീഗ് നേതാക്കളും ബംഗ്ലാദേശിലേക്ക് മടങ്ങും.

എന്നാൽ തനിക്കെതിരെയുള്ള വധശിക്ഷയും മറ്റ് ക്രിമിനൽ കേസുകളും രാഷ്ട്രീയ പ്രേരിതമാണെന്ന് അവകാശപ്പെട്ട് ഹസീന ഇതിനെ തള്ളിക്കളഞ്ഞു. ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ഇതൊരു നിയമപരമായ വിഷയമാണെന്നും അത് നിയമപ്രകാരം കൈകാര്യം ചെയ്യുമെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഹസീനയുടെ തിരിച്ചുവരവ് പ്രക്രിയയുമായി ബന്ധപ്പെട്ട നടപടികൾക്ക് ഇന്ത്യയുമായി സഹകരിക്കാൻ തയറാണെന്ന് സാഹിദ് ഉർ റഹ്മാൻ അറിയിച്ചു. 

അതേസമയം, ഹസീനക്കെതിരായ ട്രിബ്യൂണൽ വിധി പുനഃപരിശോധിക്കാനോ അല്ലെങ്കിൽ അവരെ കുറ്റവിമുക്തയാക്കാനോ ഉള്ള സാധ്യതയും സർക്കാർ തള്ളിക്കളയുന്നില്ല. ‘അതും സംഭവിക്കാം’ എന്ന് വ്യക്തമാക്കിയ അദ്ദേഹം, അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾക്കായുള്ള ട്രിബ്യൂണലിന്റെ നടപടികൾ പൂർണമായും സുതാര്യമായിരിക്കും എന്നും, ഇത് നിരീക്ഷിക്കാൻ ആർക്കും അനുവാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹസീനയുടെ തിരിച്ചുവരവിനെച്ചൊല്ലി സർക്കാർ ഒരു സമ്മർദ്ദത്തിലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഹസീനയുടെ ഭരണകാലത്ത് രൂപീകരിച്ച ഇതേ ട്രിബ്യൂണലിന്റെ വിധികൾ പലതവണ സ്റ്റേ ചെയ്യപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്തിട്ടുള്ള ചരിത്രവും ബംഗ്ലാദേശിലുണ്ട്. അതേസമയം ശൈഖ് ഹസീനയുടെ മടക്കയാത്രയെ കുറിച്ച് ഇന്ത്യയുടെ സമീപനത്തിൽ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    
News Summary - ‘Let her bring the best lawyers in the world’: Bangladesh ‘welcomes’ possible Sheikh Hasina return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.