ന്യൂഡൽഹി: പാർലമെൻറ് അംഗമായ തന്‍റെ ഭർത്താവ് അടക്കം 68 മനുഷ്യരെ ഗുൽബർഗ് സൊസൈറ്റിയിൽ ജീവനോടെ ചുട്ടെരിച്ചതിന് പിന്നിലെ ഉന്നത ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ രണ്ട് പതിറ്റാണ്ട് സകിയ ജാഫരി നടത്തിയ പോരാട്ടത്തിന് ഫലശൂന്യമായ അന്ത്യം. നിഷ്പക്ഷമായ പുനരന്വേഷണത്തിനായി പരമോന്നത കോടതിയിലെത്തിയതിന് കടുത്ത വിമർശനം ഏറ്റുവാങ്ങിയ സകിയ ജാഫരിയും കൂടെ നിന്ന മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദും ഈ നിയമയുദ്ധത്തിന് ഇറങ്ങിയതിന് നിയമനടപടി നേരിടേണ്ടി വരുമോ എന്ന ചോദ്യമാണ് ഉയരുന്നത്. നിയമപ്രക്രിയ ദുരുപയോഗം ചെയ്തതിന് എല്ലാവരെയും പ്രതിക്കൂട്ടിലാക്കി നിയമനടപടിയെടുക്കണമെന്ന അഭിപ്രായം വിധിയിൽ രേഖപ്പെടുത്തിയതാണ് ഇത്തരമൊരു ചോദ്യമുയർത്തുന്നത്.
നരേന്ദ്ര മോദി അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ഡി.ജി.പിക്ക് സകിയ ജാഫരി 2006 ജൂൺ എട്ടിന് നൽകിയ പരാതിയോടെയാണ് സുപ്രീംകോടതി തള്ളിയ കേസിന്‍റെ തുടക്കം. 2009 ഏപ്രിൽ 27ന് സുപ്രീംകോടതി ഈ പരാതി പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘ(എസ്.ഐ.ടി)ത്തോട് നിർദേശിച്ചു. എന്നാൽ നരേന്ദ്ര മോദി അടക്കമുള്ളവർക്കെതിരെ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി എസ്.ഐ.ടി 2012 ഫെബ്രുവരി എട്ടിന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ഇതിനെതിരെ സകിയ വീണ്ടും 2013 ഏപ്രിൽ 15ന് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഡിസംബർ 26ന് വിചാരണ കോടതി ആ ഹരജി തള്ളി . ഇത് ചോദ്യം ചെയ്ത് 2014ൽ സകിയ ജാഫരി ഹൈകോടതിയെ സമീപിച്ചെങ്കിലും 2017 ഒക്ടോബർ അഞ്ചിന് ഹൈകോടതി തള്ളി.
ഇതേ തുടർന്നാണ് സകിയ നീതി തേടി പരമോന്നത കോടതിയിലെത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 26 നാണ് സുപ്രീംകോടതി സകിയ ജാഫരിയുടെ പ്രത്യേകാനുമതി ഹരജിയിൽ വാദം കേട്ടു തുടങ്ങിയത്.നരേന്ദ്ര മോദി അടക്കമുള്ള അന്നത്തെ ഗുജറാത്ത് സർക്കാറിലെ ഉന്നതർക്ക് കൂട്ടക്കൊലയിലെ പങ്ക് അന്വേഷിക്കാനായി വയോധികയായ സകിയ ജാഫരി രണ്ട് പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടത്തിന് ഇന്നലെയോടെ അന്ത്യമായി. ഇനിയൊരു പുനഃപരിശോധന ഹരജിയുമായോ തിരുത്തൽ ഹരജിയുമായോ വരേണ്ടതും ഇതേ കോടതിക്ക് മുന്നിലേക്കായതിനാൽ മറിച്ചൊരു വിധി ലഭിക്കുക സാധ്യമല്ല.
വിധി നിരാശജനകമെന്ന് തൻവീർ ജിഫ്രി
അഹ്മദാബാദ്: ഗോധ്ര കലാപക്കേസിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉൾപ്പെടെ 63 പേർക്ക് ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി ചോദ്യംചെയ്ത് നൽകിയ ഹരജി തള്ളിയ സുപ്രീം കോടതിവിധി നിരാശജനകമെന്ന് തൻവീർ ജിഫ്രി. കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് ഇഹ്സാൻ ജിഫ്രിയുടെ മകനാണിദ്ദേഹം. ഇദ്ദേഹത്തിന്റെ മാതാവ് സകിയ ജിഫ്രി നൽകിയ ഹരജിയാണ് ഇന്നലെ സുപ്രീം കോടതി തള്ളിയത്. 2012 ഫെബ്രുവരി എട്ടിന് അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ട് പൂർണമായും അംഗീകരിച്ചാണ് ഇതിനെതിരെ സകിയ ജിഫ്രി നൽകിയ ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി വെള്ളിയാഴ്ച തീർപ്പാക്കിയത്.
അന്തിമവിധി പഠിച്ചശേഷം കൂടുതൽ പ്രതികരിക്കാമെന്ന് നിലവിൽ ഹജ്ജ് തീർഥാടനത്തിലുള്ള ഇഹ്സാൻ ജിഫ്രി പ്രതികരിച്ചു. മാതാവ് സകിയ ജിഫ്രി മകൾക്കൊപ്പം യു.എസിലാണ്.
മോദിക്കെതിരെ മൊഴി നൽകിയവർക്ക് രൂക്ഷ വിമർശനം
ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിൽ മുൻ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ സാക്ഷിമൊഴി നൽകിയ ഗുജറാത്തിലെ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ടിനും ആർ.ബി ശ്രീകുമാറിനും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹരേൻ പാണ്ഡ്യക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. അതേസമയം ഉന്നതർക്കെതിരായ തെളിവുകൾ മറച്ചുവെച്ച് അന്വേഷണം അട്ടിമറിച്ചുവെന്ന് സാകിയ ജാഫരി തന്‍റെ ഹരജിയിൽ കുറ്റപ്പെടുത്തിയ മുൻ സി.ബി.ഐ ഡയറക്ടർ ആർ.കെ. രാഘവന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘ(എസ്.ഐ.ടി)ത്തെ സുപ്രീംകോടതി മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.
മോദിക്കെതിരെ സഞ്ജീവ് ഭട്ടും ശ്രീകുമാറും ഹരേൻ പാണ്ഡ്യയും നൽകിയത് കള്ളമൊഴികളാണ്. കലാപകാരികൾക്കെതിരെ നടപടി അരുതെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന് ആരോപിക്കുന്ന യോഗത്തിൽ ഇവർ ദൃക്സാക്ഷികളായിരുന്നുവെന്നത് കോടതിയുടെ അറിവിൽ കള്ളമായിരുന്നു. അത്തരമൊരു വ്യാജ അവകാശവാദത്തിലാണ് 'ഉന്നതതലത്തിലെ വലിയ ക്രിമിനൽ ഗൂഢാലോചന' നിർമിച്ചെടുത്തത്.
എസ്.ഐ.ടിയുടെ അന്വേഷണത്തിലൂടെ ചീട്ടുകൊട്ടാരം പോലെ ആ വാദം തകർന്നുവീണുവെന്ന് സുപ്രീംകോടതി അഭിപ്രായപ്പെടു. പ്രശ്നം രാഷ്ട്രീയവത്കരിക്കാനും ഒച്ചപ്പാടുണ്ടാക്കാനും വേണ്ടി മാത്രമുള്ള മൊഴികളായിരുന്നു ഇവരുടേതെന്ന ഗുജറാത്ത് സർക്കാറിന്‍റെ വാദം സുപ്രീംകോടതി ശരിവെച്ചു.
വെല്ലുവിളിയേറിയ സാഹചര്യങ്ങളിൽ സ്ഥിരോൽസാഹത്തോടെ എസ്.ഐ.ടി ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിന് കോട്ടം തട്ടിയിട്ടില്ല എന്ന് സുപ്രീംകോടതി ഓർമിപ്പിച്ചു. തങ്ങളുടെ ഗൂഢമായ പദ്ധതിയുടെ ഭാഗമായി വിഷയം കത്തിച്ച് നിർത്താൻ കുടിലതന്ത്രം സ്വീകരിച്ചവരെ അന്വേഷണ സംഘം തുറന്നുകാട്ടി.
അതിന് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശ്വാസ്യത ചോദ്യം ചെയ്യാൻ ധാർഷ്ട്യം കാണിച്ചത് മൂലമാണ് ഈ കേസ് 16 വർഷം നീണ്ടുപോയതെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.