ന്യൂഡല്‍ഹി: കോവിഡിെൻറ പേരില്‍ സമൂഹത്തെ വര്‍ഗീയവത്കരിക്കുന്ന വാര്‍ത്തകള്‍ നൽകിയ പത്ര, ഇലക്ട്രോണിക്, ഡിജിറ്റൽ, സമൂഹ മാധ്യമങ്ങള്‍ക്കെതിരെ എന്തു നടപടിയെടുത്തുവെന്ന് രണ്ടാഴ്ചക്കകം വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. മഹാമാരിയുടെ പേരില്‍ മുസ്ലിംകള്ക്കെതിരെ വിദ്വേഷ വാര്‍ത്തകള്‍ നൽകിയതിനെതിരെ സമർപ്പിച്ച ഹരജി ഏപ്രിൽ 21ന് പരിഗണിച്ചപ്പോള്‍ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനാകില്ലെന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ഇത്തരം വാര്‍ത്തകള്‍ ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് പറഞ്ഞ് ഇതേ ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിനും പ്രസ് കൗണ്‍സിലിനും നാഷനൽ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും കോടതി നോട്ടീസ് അയച്ചു.
ഹരജി നൽകിയ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിനോട് പ്രസ് കൗണ്‍സിലിനെ സമീപിക്കാനാണ് ചീഫ് ജസ്റ്റിസ് നേരത്തേ പറഞ്ഞത്. മര്‍കസ് നിസാമുദ്ദീനുമായും തബ്ലീഗ് ജമാഅത്തുമായും ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും മുസ്ലിംകളാണ് കൊറോണ വ്യാപനത്തിന് ഉത്തരവാദികളെന്നു പ്രചരിപ്പിക്കുകയും ചെയ്ത പത്ര, ഇലക്ട്രോണിക്, സമൂഹമാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അര്‍ശദ് മദനിയുടെ നേതൃത്വത്തിലുള്ള ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുസ്ലിംകളാണ് കൊറോണ പരത്തുന്നതെന്ന് ആരോപിച്ച് ലഘുലേഖകള്‍ പോലും പുറത്തിറക്കിയതിനാല്‍ ശാരീരിക ആക്രമണങ്ങള്‍ വരെ നേരിട്ടുവെന്ന് ഹരജി യില്‍ ബോധിപ്പിച്ചിരുന്നു.
ക്രമസമാധാന പ്രശ്നമുണ്ടാക്കാന്‍ ജനങ്ങളെ അനുവദിക്കരുതെന്ന് ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജംഇയ്യത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെ തബ്ലീഗ് ജമാഅത്തിനെതിരായ ചാനല്‍ റിപ്പോര്‍ട്ടുകള്‍ രാജ്യത്തിെൻറ മതസൗഹാര്‍ദത്തിനും സാമൂഹിക ചട്ടക്കൂടിനും കോട്ടം വരുത്തിയതായി ബോധിപ്പിച്ചു. നിയമം ലംഘിച്ച് ഇത്തരം വാർത്ത നൽകിയവർക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം തങ്ങള്‍ ഗൗരവത്തിലെടുത്തിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്കി. തുടര്‍ന്നാണ് കേബിള്‍ ടെലിവിഷന്‍ നെറ്റ്്വര്‍ക്ക് നിയന്ത്രണ നിയമം ലംഘിച്ച് വര്ഗീയവികാരമുയര്ത്തുന്ന വാര്‍ത്തകള്‍ നല്കിയ ടി.വി ചാനലുകള്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് രണ്ടാഴ്ചക്കകം മറുപടി നല്കാന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ആവശ്യപ്പെട്ട് കേന്ദ്രത്തിനും പ്രസ്കൗൺസിലിനും നാഷനൽ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും നോട്ടീസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.