സുരക്ഷാ വീഴ്ചയോ? ഫാറൂഖ് അബ്ദുല്ലക്ക് നേരെ ജമ്മുവിൽ വധശ്രമം; അക്രമി പിടിയിൽ

ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ലക്ക് നേരെ ജമ്മുവിൽ വധശ്രമം. ബുധനാഴ്ച ജമ്മു നഗരത്തിന് പുറത്തുള്ള ഒരു വിവാഹ ഹാളിൽ വെച്ചായിരുന്നു സംഭവം. ഫാറൂഖ് അബ്ദുല്ലയും ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും മറ്റ് നേതാക്കളും ചടങ്ങിൽ ഉണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് വലിയൊരു അപകടം ഒഴിവായത്.

ജമ്മുവിലെ ഗ്രേറ്റർ കൈലാഷിലുള്ള റോയൽ പാർക്കിൽ വെച്ചാണ് ആക്രമണം നടന്നത്. പാർട്ടി നേതാവ് ബി.എസ്. ചൗഹാന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഫാറൂഖ് അബ്ദുല്ലയും സുരീന്ദർ ചൗധരിയും. വിവാഹ വേദിക്ക് പുറത്ത് കാത്തുനിന്ന അക്രമി, ഫാറൂഖ് അബ്ദുല്ലക്ക് നേരെ വെടിയുതിർക്കാൻ ശ്രമിക്കുകയായിരുന്നു. വെടിയുതിർക്കാൻ സാധിച്ചുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ഇടപെട്ട് ഇയാളെ കീഴ്പ്പെടുത്തി.

ജമ്മു പുരാനി മണ്ഡി സ്വദേശിയായ കമൽ സിങ് ജാംവാൾ (70) ആണ് പിടിയിലായത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. സംഭവസമയത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 20 വർഷമായി ഫാറൂഖ് അബ്ദുല്ലയെ കൊല്ലാൻ ആഗ്രഹിച്ചിരുന്നുവെന്നും, ഇന്ന് ഒരു അവസരം ലഭിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടുവെന്നും പ്രതി മൊഴി നൽകിയതായി ജാംവാൾ പൊലീസ് പറഞ്ഞു.

സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ജമ്മു കശ്മീർ മുഖ്യമന്ത്രിയും ഫാറൂഖ് അബ്ദുല്ലയുടെ മകനുമായ ഒമർ അബ്ദുള്ള രംഗത്തെത്തി. Z+ NSG സുരക്ഷയുള്ള ഒരു മുൻ മുഖ്യമന്ത്രിയുടെ അടുത്ത് ഇത്രയും അടുത്തുചെന്ന് വെടിയുതിർക്കാൻ ഒരാൾക്ക് എങ്ങനെ സാധിച്ചു എന്നത് വലിയൊരു സുരക്ഷാ വീഴ്ചയാണെന്നും, ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം എക്സിലൂടെ ആവശ്യപ്പെട്ടു. സംഭവത്തിന് ശേഷം ജമ്മു സൗത്ത് പൊലീസ് സൂപ്രണ്ട് അജയ് ശർമ്മ ബതിണ്ടി ഫാറൂഖ് അബ്ദുല്ലയുടെ വസതി സന്ദർശിച്ച് വീടിനകത്തും പരിസരത്തും സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. 

Tags:    
News Summary - Assassination attempt against Farooq Abdullah foiled in J&K; accused held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.