എൽ.പി.ജി ക്ഷാമത്തിൽ സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: രാജ്യത്തെ എൽ.പി.ജി ക്ഷാമം ചൂണ്ടിക്കാട്ടി പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. ബുധനാഴ്ച ലോക്സഭ ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ എൽ.പി.ജി ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു.

എൽ.പി.ജി കിട്ടാനില്ല, മോദിയെ കാണാനില്ല തുടങ്ങിയ മുദ്രാവാക്യങ്ങൾ മലയാളത്തിലടക്കം ഉയർന്നു. ബഹളം തുടർന്നതോടെ ചോദ്യോത്തരവേള തുടരാനാകാതെ 12 മണിവരെ സഭ പിരിഞ്ഞു. രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങിയവർ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും പരിഗണിച്ചില്ല.

എൽ.പി.ജി സിലിണ്ടർ വിതരണത്തിൽ ക്ഷാമവും കാലതാമസവും നിരവധി സംസ്ഥാനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇത് പൊതുജനങ്ങൾക്ക് ഗുരുതരമായ അസൗകര്യമുണ്ടാക്കുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി നോട്ടീസിൽ ചൂണ്ടിക്കാട്ടി. ഹോട്ടലുകളും റസ്റ്റാറന്റുകളും ചെറിയ ഭക്ഷണശാലകളും സിലിണ്ടർ ക്ഷാമംമൂലം വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നുണ്ടെന്ന് ഷാഫി പറമ്പിൽ നോട്ടീസിൽ പറഞ്ഞു.

എൽ.പി.ജിയാണ് രാജ്യത്തെ കോടിക്കണക്കിന് കുടുംബങ്ങളുടെ പ്രധാന പാചക ഇന്ധനം. നിലവിലെ കടുത്ത എൽ.പി.ജി ക്ഷാമം സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനം എത്രനാൾ സഹിക്കുമെന്നും സർക്കാറിന്റെ വിദേശ നയവും പദ്ധതികളും ജനത്തെയാണ് ബാധിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. എൽ.പി.ജി പ്രതിസന്ധിയില്‍ ദേശീയ മഹിള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗ്യാസ് സിലിണ്ടറുമായി ഡൽഹിയിൽ പ്രതിഷേധിച്ചു.

പാചകവാതകം ആവശ്യത്തിനുണ്ട്, ആശങ്ക വേണ്ടെന്ന് കേന്ദ്രം; ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനകം ലഭിക്കും

പശ്ചിമേഷ്യയിലെ യുദ്ധ പശ്ചാത്തലത്തിൽ പാചകവാതകത്തിന് ക്ഷാമമുണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും ബുക്ക് ചെയ്താൽ രണ്ടര ദിവസത്തിനകം സിലിണ്ടർ ലഭിക്കുമെന്നും കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി. ഹുർമുസ് കടലിടുക്ക് വഴി ഇറക്കുമതി തടസ്സപ്പെട്ടത് രാജ്യത്തെ ബാധിക്കില്ല. 40 രാജ്യങ്ങളിൽനിന്നാണ് ഇന്ത്യ ക്രൂഡ് ഇറക്കുമതി ചെയ്യുന്നത്. 30 ശതമാനം മാത്രമാണ് ഹുർമുസ് വഴി എത്തുന്നത്.

നേരത്തെ ഇത് 55 ശതമാനമായിരുന്നു. 55 ലക്ഷം ബാരലാണ് പ്രതിദിന ഉപഭോഗം. ഇറക്കുമതിയും ആഭ്യന്തര ഉൽപാദനവും വഴി അത് കൈകാര്യം ചെയ്യാനാകും. പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് ആഭ്യന്തര ഉൽപാദനം 25 ശതമാനം വർധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എണ്ണ മന്ത്രാലയം ജോയന്റ് സെക്രട്ടറി സുജാത ശർമ പറഞ്ഞു. ആശങ്ക കാരണം തിടുക്കപ്പെട്ട് ബുക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാറുകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Opposition paralyzes the House over LPG shortage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.