സ്പീക്കറെ നീക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെ തള്ളി

ന്യൂഡൽഹി: പ്രതിപക്ഷത്തോടും പ്രതിപക്ഷ നേതാവിനോടും പക്ഷപാതപരമായി പെരുമാറുന്ന ലോക്സഭാ സ്പീക്കർ ഓം ബിർളയെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന പ്രതിപക്ഷ പ്രമേയം 10 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ ലോക്സഭ ശബ്ദവോട്ടോടെ തള്ളി.

മറുപടി പ്രസംഗത്തിലെ തെറിവാക്കിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷത്തിന്റെ രോഷപ്രകടനത്തിനിടയിലാണ് ചെയർ പ്രമേയം ശബ്ദവോട്ടിനിട്ട് തള്ളിയത്. അമിത് ഷാ മാപ്പുപറയാതെ സഭാ നടപടികൾ അനുവദിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതോടെ പ്രമേയ അവതാരകനായ കോൺഗ്രസ് എം.പി മുഹമ്മദ് ജാവേദിനെ കാത്തുനിൽക്കാതെ ചെയറിലുണ്ടായിരുന്ന ജഗദാംബികാ പാൽ തന്നെ ശബ്ദവോട്ടിനിട്ട്, പ്രമേയം സഭ തള്ളിയതായി പ്രഖ്യാപിക്കുകയായിരുന്നു.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വീഴ്ചകളും പോരായ്മകളും അക്കമിട്ട് നിരത്തി പരിഹസിക്കുന്നതിനിടയിലാണ് ഹിന്ദിയിലെ പതിവ് തെറിവാക്ക് അമിത് ഷായുടെ നാവിൽ നിന്ന് വീണത്. അതോടെ തങ്ങളുടെ ഇരിപ്പിടങ്ങളിൽ നിന്നെഴുന്നേറ്റ പ്രതിപക്ഷ എം.പിമാർ, മാപ്പുപറയണമെന്നാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി. ഷായുടെ പ്രസംഗം പ്രതിഷേധത്തിൽ മുങ്ങിയതോടെ താൻ പ്രസംഗം പരിശോധിച്ച് അൺപാർലമെന്ററി പ്രയോഗം നീക്കം ചെയ്യാമെന്ന് ജഗദാംബികാ പാൽ പറഞ്ഞെങ്കിലും പ്രതിപക്ഷം അടങ്ങിയില്ല.  

Tags:    
News Summary - Lok Sabha defeats motion to remove Om Birla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.