എൻ.സി.ഇ.ആർ.ടി വിവാദ പാഠഭാഗം തയാറാക്കിയവരെ ഒഴിവാക്കണം-സുപ്രീംകോടതി

ന്യൂഡൽഹി: ജുഡീഷ്യറിയിലെ അഴിമതി പാഠഭാഗമാക്കി എൻ.സി.ഇ.ആർ.ടി എട്ടാം ക്ലാസ് വിവാദ പാഠപുസ്തകം തയറാക്കിയവരെ മാറ്റിനിർത്താൻ ഉത്തരവിട്ട് സുപ്രീംകോടതി. പ്രഫസർ മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്ന കുമാർ എന്നിവർക്കെതിരെയാണ് നടപടി. പൊതുഫണ്ട് സീകരിക്കുന്ന സ്ഥാപനങ്ങൾ ഇവരുമായി സഹകരിക്കരുതെന്ന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകി.

വിവാദ പുസ്കത്തിനെതിരെ സ്വമേ ധയ രജിസ്റ്റർ ചെയ്ത കേസിൽ ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. വിവാദ പുസതകം നിരോധിച്ചുള്ള ഫെബ്രുവരി 26ലെ ഉത്തരവിന് പിന്നാലെ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളെയും വ്യക്തികളെയും കണ്ടെത്താൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കുറ്റക്കാർ രാജ്യത്തിനുപുറത്ത് ഒളിച്ചിരിക്കുകയാണെങ്കിൽ പോലും അവരെ വെറുതെ വിടില്ലെന്ന് കോടതി അറിയിച്ചു. പുതുക്കിയ അധ്യായം വിദഗ്ധ സമിതി അംഗീകരിക്കുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു. ഇതിനായി റിട്ട. ജഡ്ജി, അറിയപ്പെട്ട അക്കാദമീഷ്യൻ, പ്രഗത്ഭ നിയമ പ്രാക്ടീഷണർ എന്നിവരടങ്ങിയ സമിതി രൂപവത്കരിക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

മറ്റു ക്ലാസുകളിലെയും നിയമ പഠന പാഠ്യക്രമം പരിശോധിക്കുന്നതിന് ഭോപാലിലെ നാഷനൽ ജുഡീഷ്യൽ അക്കാദമിയുടെ സഹകരണം തേടണമെന്നും കോടതി നിർദേശിച്ചു. പാഠപുസ്‌തകങ്ങൾ പരിഷ്‌കരിക്കുന്നത് എൻ.സി.ഇ.ആർ.ടിക്ക് വിട്ടുനൽകുന്നതിനുപകരം കേന്ദ്ര സർക്കാർ തന്നെ വിദഗ്‌ധ സമിതി രൂപവത്കരിക്കുന്നതാണ് ഉചിതമെന്നും ബെഞ്ച് അറിയിച്ചു.

പ്രത്യേക അധ്യായത്തിൽ മാത്രമല്ല, പാഠപുസ്‌കത്തിലുടനീളം പ്രശ്‌നങ്ങൾ നിലവിലുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. പാഠപുസ്‌തകം പരിശോധിക്കുന്ന വിദഗ്‌ധരുടെ കമ്മിറ്റി ഉള്ളടക്കത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Those who prepared the controversial NCERT textbook should be removed - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.