കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: കേന്ദ്രത്തിന്റെ കെടുകാര്യസ്ഥത മൂലം എൽ.പി.ജിക്ക് റേഷൻ ആയെന്നും സിലിണ്ടറുകൾക്കായി ജനം നെട്ടോട്ടമോടുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമായി. ചെറുകിട ഹോട്ടലുകൾ പലതും അടച്ചുപൂട്ടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി സർക്കാർ നൽകുന്ന വ്യാജ ഉറപ്പുകൾ അവരുടെ കഴിവുകേടിനെയാണ് തുറന്നുകാട്ടുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. പശ്ചിമേഷ്യയിൽ യുദ്ധം ആസന്നമാണെന്ന് ബോധ്യമുണ്ടായിരുന്നിട്ടും ഇന്ത്യയുടെ ഊർജലഭ്യത സുരക്ഷിതമാക്കാൻ സർക്കാർ ഒരു നടപടിയും എടുത്തില്ല. ഇപ്പോൾ പ്രതിസന്ധി രൂക്ഷമാകുമ്പോൾ ജനങ്ങളാണ് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നത്.കർഷകരാണ് ആദ്യം ബുദ്ധിമുട്ടിലാവുക. ഇന്ധനത്തിന്‍റെ ലഭ്യതക്കുറവും രാസവളത്തിന്‍റെ ദൗർലഭ്യവും കാർഷിക മേഖലക്ക് കനത്ത ആഘാതമാണ് വരുത്തുക. 60,000 ടൺ ബസ്‍മതി കയറ്റുമതിയാണ് മുടങ്ങിക്കിടക്കുന്നത്.
ഏവിയേഷൻ ഇന്ധന വില കുതിച്ചുയരുന്നത് വിമാന യാത്രകളുടെ ചെലവ് കുത്തനെ കൂട്ടും. നോട്ടുനിരോധനത്തിന്‍റെ പ്രതിസന്ധി 50 ദിവസം കൊണ്ട് അവസാനിക്കുമെന്നാണ് സർക്കാർ പറഞ്ഞത്. അതേ സർക്കാറാണ് ഇന്ധന പ്രതിസന്ധി ഇല്ലെന്നും 74 ദിവസത്തേക്ക് സ്റ്റോക്കുണ്ടെന്നും പറയുന്നത്. രാജ്യത്തിന് സത്യം അറിയണമെന്നും പ്രതിസന്ധിയെക്കുറിച്ച് പാർലമെന്‍റിൽ ചർച്ച വേണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.