ഡൽഹിയിൽ കാറിൽ പെൺകുട്ടിയെ വലിച്ചിഴച്ച സംഭവം: പ്രതി അശുതോഷിന് കോടതി ജാമ്യം നിഷേധിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ സുൽത്താൻപുരിയിൽ പെൺകുട്ടിയെ കാറിനടിയിലൂടെ മണിക്കൂറുകളോളം വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളിലൊരാളായ അശുതോഷിന് ഡൽഹി രോഹിണി കോടതി ജാമ്യം നിഷേധിച്ചു. കേസന്വേഷണം പ്രാരംഭ ദിശയിലാണെന്നും സംഭവ സമയം പ്രതിഎവിടെയായിരുന്നെന്ന് കൃത്യമായി അറിഞ്ഞാൽ മാാത്രമേ മറ്റ് പ്രതികളുടെ പങ്ക് കണ്ടെത്താനാവുകയള്ളുവെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

പ്രതികൾക്ക് അഭയം നൽകിയതിനും പൊലീസ് അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് അശുതോഷിനെതിരെ ജനുവരി ആറിന് ഡൽഹി പൊലീസ് കേസെടുത്തത്.

സംഭവ സമയം അശുതോഷ് കാറിൽ ഉണ്ടായിരുന്നില്ലെന്നും വീട്ടിലായിരുന്നുവെന്നും കാണിക്കുന്ന വീഡിയോകൾ ഉണ്ടെന്ന് അശുതോഷിന് വേണ്ടി ഹാജരായ അഭിഭാഷകൻ ശിൽപേഷ് ചൗധരി കോടതിയിൽ ബോധിപ്പിച്ചു.

തന്റെ ഗൂഗിൾ ലൊക്കേഷൻ, കോൾ ഡീറ്റെയിൽ റെക്കോർഡ് എന്നിവയും താൻ കാറിൽ ഇല്ലായിരുന്നുവെന്ന് തെളിയിക്കുന്നതായും അശുതോഷ് ചൂണ്ടിക്കാട്ടി. തനിക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ ജാമ്യം ലഭിക്കാവുന്ന തരത്തിലാണെന്നും ചൗധരി വാദിച്ചു.

അന്വേഷണം വളരെ നിർണായക ഘട്ടത്തിലാണെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.

അദ്ദേഹം കാറിനുള്ളിൽ ഉണ്ടായിരുന്നോ എന്നതല്ല, നിയമപരമായി ഓടിക്കാൻ അധികാരമില്ലാത്ത ഒരാൾക്ക് കാർ നൽകി എന്നതാണ് കേസെന്നും പ്രൊസിക്യൂട്ടർ വ്യക്തമാക്കി. കൂടാതെ, അപകടം നടന്ന വിവരം പൊലീസിനെ അറിയിച്ചില്ലെന്ന് മാത്രമല്ല, ദീപക് ആണ് കാർ ഓടിച്ചിരുന്നതെന്ന തെറ്റായ വിവരം നൽകി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

​ഈയാഴ്ച തുടക്കത്തിൽ കോടതി ആറ് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. സംഭവത്തെ കുറിച്ച് ആദ്യം ലഭിച്ച കോളിനോട് പ്രതികരിക്കുന്നതിൽ ​വൈകിയതിനു കാരണം കാണിക്കാൻ ഡൽഹി പൊലീസിനോടും ആവശ്യപ്പെട്ടിരുന്നു. കൂടാതെ സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി ക്യാമറകളുടെ സ്ഥിതി എന്താണെന്നും തെളിവുകളിൽ കൃത്രിമം കാണിക്കാതിരിക്കാൻ ലഭ്യമായ എല്ലാ സി.സി.ടി.വി ദൃശ്യങ്ങളും സംരക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

പുതുവത്സര ദിനത്തിൽ പുലർച്ചെ സ്കൂട്ടറിൽ യാത്ര ചെയ്ത അഞ്ജലി സിങ്ങും(20) സുഹൃത്തുമാണ് അപകടത്തിൽ പെട്ടത്. ഇവരുടെ സ്കൂട്ടറിനെ കാറിടിക്കുകയായിരുന്നു. അപകടത്തിൽ കാറിനടിയിൽ കുടുങ്ങിയ അഞ്ജലിയുമായി 14 കിലോമീറ്ററോളം കാർ ഓടി.

അതേസമയം, കൊല്ലപ്പെട്ട പെൺകുട്ടിയെ ​പ്രതികൾക്ക് മുൻപരിചയമില്ലായിരുന്നുവെന്നും എന്നാൽ കാറിനടിയിൽ പെൺകുട്ടി കുടുങ്ങിയതിനെകുറിച്ച് അവർക്ക് അറിയാമായിരുന്നുവെന്നുമാണ് സി.സി.ടി.വി ദൃശ്യങ്ങൾ നൽകുന്ന സൂചനയെന്നും പൊലീസ് പറയുന്നു.

Tags:    
News Summary - Sultanpuri hit & drag case: Delhi court denies bail to accused Ashutosh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.