ന്യൂഡൽഹി: ഗാസിയാബാദിൽ പീഡനത്തിനിരയായ നാല് വയസ്സുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രികൾക്കും ഡോക്ടർമാർക്കും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ഫീസടക്കാൻ പണമില്ലാത്തതിന്റെ പേരിൽ കുട്ടിയെ ചികിത്സിക്കാൻ ആശുപത്രികൾ വിസമ്മതിച്ചതാണ് മരണകാരണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാൻ കഴിയാത്തവർ പേരിനൊപ്പം 'ഡോക്ടർ' എന്ന പദവി ഉപയോഗിക്കരുതെന്ന് കോടതി കർശനമായി താക്കീത് നൽകി. ഇരയുടെ കുടുംബത്തിന് പിഴയായി ധനസഹായം നൽകാൻ ഉത്തരവിട്ട കോടതി, ഇത് പാലിച്ചില്ലെങ്കിൽ വലിയ തുക പിഴയൊടുക്കേണ്ടി വരുമെന്നും താക്കീത് നൽകി.
കഴിഞ്ഞ മാർച്ച് 16ന് ഗാസിയാബാദിലായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. അയൽവാസി തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച നാല് വയസ്സുകാരിയെ രണ്ട് സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ചികിത്സ നൽകാൻ അധികൃതർ തയാറായില്ല. പിന്നീട് ജില്ല ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന കണ്ടെത്തൽ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സംഘം ശരിവെച്ചു.
പൊലീസിന്റെ ഭാഗത്തുനിന്നും സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി. പരാതി നൽകാനെത്തിയ കുടുംബത്തെ പൊലീസ് മർദിക്കുകയും, തുടക്കത്തിൽ പോക്സോ അടക്കമുള്ള ഗൗരവകരമായ വകുപ്പുകൾ കേസിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്തത് അനാസ്ഥയുടെ തെളിവാണെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.