യു.പി.ഐ ഇടപാടുകൾക്ക് കേന്ദ്രം ചാർജ് ഈടാക്കിയേക്കും

ന്യൂഡൽഹി: യു.പി.ഐ പേയ്‌മെന്റുകൾക്ക് ചാർജ് ഈടാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. വൻകിട വ്യാപാരികളിൽ നിന്ന് ചാർജ് ഈടാക്കാനുള്ള നിർദേശമാണ് ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലുള്ളത്. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2020ൽ വൻകിടക്കാരിൽ നിന്ന് ഒഴിവാക്കിയ മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആർ) പുനഃസ്ഥാപിക്കുകയാവും ചെയ്യുക. ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വാർഷിക വിറ്റുവരവ് 1 കോടി മുതൽ 1.5 കോടി രൂപയിൽ അധികമുള്ള വൻകിട വ്യാപാരികൾക്ക് മാത്രമായിരിക്കും എം.ഡി.ആർ ബാധകം. കൂടാതെ 2,000 രൂപയിൽ അധികമുള്ള യു.പി.ഐ ഇടപാടുകൾക്ക് മാത്രമേ ഫീസ് ഈടാക്കൂ

എം.ഡി.ആർ ഒഴിവാക്കിയതിന് ശേഷം യു.പി.ഐ ഇടപാടുകളിൽ വൻ വർധനവാണുണ്ടായത്. എൻ.പി.സി.ഐയുടെ കണക്കുകൾ പ്രകാരം, 2016-17 സാമ്പത്തിക വർഷത്തിൽ വെറും 2 കോടി ആയിരുന്ന യു.പി.ഐ ഇടപാടുകൾ 24,200 കോടിയായി ഉയർന്നു. ഇടപാടുകളുടെ മൂല്യം 0.07 ലക്ഷം കോടി രൂപയിൽ നിന്ന് 314 ലക്ഷം കോടി രൂപയായും കുതിച്ചുയർന്നു. ജൂൺ മാസത്തിൽ മാത്രം 28.92 ലക്ഷം കോടി രൂപയുടെ 2,272 കോടി ഇടപാടുകളാണ് യു.പി.ഐ വഴി നടന്നത്.

ഇടപാടുകളുടെ എണ്ണം കുതിച്ചുയർന്നതോടെ ഇത് കൈകാര്യം ചെയ്യുന്ന ബാങ്കുകൾക്കും പേയ്‌മെന്റ് കമ്പനികൾക്കും കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ട്. പണം കൈമാറ്റ പ്രക്രിയ സുഗമമാക്കുന്നതിനും പേയ്‌മെന്റ് സംവിധാനങ്ങൾ നിലനിർത്തുന്നതിനുമുള്ള ചെലവുകൾക്കായി സർക്കാർ സബ്‌സിഡികൾ നൽകുന്നുണ്ടെങ്കിലും, അത് പ്രതീക്ഷിച്ചതിലും കുറവാണെന്നാണ് മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് എം.ഡി.ആർ തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്. യു.പി.ഐ ഇടപാടുകളിൽ ഘട്ടംഘട്ടമായി എം.ഡി.ആർ ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് പാർലമെന്റിന്റെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയും മുൻപ് ശുപാർശ ചെയ്തിരുന്നു.

പുതിയ നിർദേശം നടപ്പിലായാലും സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും ഇത് ബാധിക്കില്ല. എം.ഡി.ആർ നിരക്ക് 0.05% മുതൽ 0.07% വരെയായി നിശ്ചയിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. യുപിഐ സ്വീകരിക്കുന്ന വ്യാപാരികളിൽ 90 ശതമാനവും ചെറുകിടക്കാരായതിനാൽ അവർക്ക് ഈ പുതിയ മാറ്റത്തിൽ നിന്ന് ഇളവ് ലഭിക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സർക്കാർ തലത്തിൽ ഉന്നതതല ചർച്ചകൾ നടന്നുവരികയാണെന്നുമാണ് സൂചന.




Tags:    
News Summary - Centre to levy charges on UPI transactions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.