പ്രണയനൈരാശ്യത്തെത്തുടർന്ന് മുംബൈയിലെ ഹോസ്റ്റലിൽ ജീവനൊടുക്കിയ സോഫ്റ്റ്‌വെയർ എൻജിനീയറുടെ മൃതദേഹവുമായി കാമുകന്റെ വീടിന് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ തങ്കുതൂർ മണ്ഡലത്തിലുള്ള പോണ്ടൂരി ഗ്രാമത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഗുണ്ടൂർ സ്വദേശിനിയായ അടഗല്ല കീർത്തിയാണ് പ്രണയനൈരാശ്യത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്.
സോഷ്യൽ മീഡിയ വഴിയാണ് കീർത്തിയും പോണ്ടൂർ സ്വദേശിയായ സായ് സുമന്തും പരിചയപ്പെട്ടത്. എട്ട് വർഷത്തോളം ഇവർ പ്രണയത്തിലായിരുന്നു. ഖത്തറിൽ ഹാർഡ്‌വെയർ എൻജിനീയറാണ് സായ് സുമന്ത്. ഇരുവരും തമ്മിലുള്ള വിവാഹത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ സായ് വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിൽ മനംനൊന്ത കീർത്തി ജൂലൈ 14-ന് മുംബൈയിലെ ഹോസ്റ്റലിൽ വെച്ച് തൂങ്ങിമരിക്കുകയായിരുന്നു.
മരണത്തിന് തൊട്ടുമുമ്പ് തന്റെ മൃതദേഹം കാമുകനായ സായിയുടെ ഗ്രാമമായ പോണ്ടൂരിൽ വെച്ച് സംസ്കരിക്കണമെന്നും മരണശേഷമെങ്കിലും അയാൾ തനിക്ക് താലി ചാർത്തണമെന്നും കീർത്തി ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. മുംബൈയിൽ നിന്ന് മൃതദേഹം നാട്ടിലെത്തിച്ച ബന്ധുക്കൾ സായിയുടെ വസതിക്ക് മുന്നിൽ മൃതദേഹം വെച്ച് പ്രതിഷേധിക്കുകയായിരുന്നു.
സായ് സുമന്ത് ഖത്തറിലായതിനാൽ വീട്ടിലുണ്ടായിരുന്നില്ല. ഇതോടെ സായിയുടെ വീട്ടുകാരുമായി കീർത്തിയുടെ ബന്ധുക്കൾ വാക്കേറ്റത്തിലാവുകയും സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. ഒടുവിൽ യുവതിയുടെ കാമുകന്‍റെ നാട്ടിൽ തന്നെ സംസ്കാരം നടത്താൻ വീട്ടുകാർ സമ്മതിച്ചതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഈ സംഭവത്തിൽ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് ആന്ധ്രാ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.