മുഹമ്മദ് അലി ജൗഹർ സർവകലാശാലക്കെതിരെ നടപടി; 40ൽ 38 കെട്ടിടങ്ങളും പൊളിക്കണമെന്ന് യോഗി സർക്കാർ

റാംപൂർ: ഉത്തർപ്രദേശിലെ മുഹമ്മദ് അലി ജൗഹർ സർവകലാശാല ക്യാംപസിലെ 40 കെട്ടിടങ്ങളിൽ 38 എണ്ണം പൊളിച്ചുനീക്കാൻ റാംപൂർ വികസന അതോറിറ്റി (ആർ.ഡി.എ) ഉത്തരവിട്ടു. കെട്ടിടങ്ങൾ അനധികൃതമായി നിർമിച്ചതാണെന്നും മതിയായ അനുമതികൾ വാങ്ങിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. സമാജ്‌വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ അസം ഖാന്റെ മുഹമ്മദ് അലി ജൗഹർ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് സർവകലാശാല.

15 ദിവസത്തിനകം അനധികൃത കെട്ടിടങ്ങൾ നീക്കം ചെയ്യണമെന്നാണ് ആർ.ഡി.എയുടെ നിർദേശം. അല്ലാത്തപക്ഷം അതോറിറ്റി നേരിട്ട് പൊളിച്ചുനീക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. റാംപൂർ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റും ആർ.ഡി.എ വൈസ് ചെയർപേഴ്‌സണുമായ അജയ് കുമാർ ദ്വിവേദിയാണ് 1973ലെ ഉത്തർപ്രദേശ് നഗരാസൂത്രണ വികസന നിയമത്തിലെ 27-ാം വകുപ്പ് പ്രകാരം ഉത്തരവിറക്കിയത്. സർവകലാശാലയിലെ മെഡിക്കൽ കോളജ് കെട്ടിടത്തിനും ഒരു അക്കാദമിക് ബ്ലോക്കിനും മാത്രമാണ് നിലവിൽ അംഗീകൃത പ്ലാനുകളുള്ളതെന്നാണ് അതോറിറ്റി പറയുന്നത്. ഏകദേശം 82,309 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിച്ച 38 കെട്ടിടങ്ങൾക്ക് മതിയായ അനുമതിയില്ലെന്നും ഭൂനിയമങ്ങൾ ലംഘിച്ചെന്നുമാണ് അതോറിറ്റിയുടെ കണ്ടെത്തൽ.

നിർമാണ സമയത്ത് ഈ പ്രദേശം ആർ.ഡി.എയുടെ പരിധിയിൽ ആയിരുന്നില്ലെന്ന സർവകലാശാലയുടെ വാദം അധികൃതർ തള്ളി. അതേസമയം, നടപടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കാത്ത രീതിയിൽ ക്രമീകരിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്ക് സഹായം നൽകാൻ കൗൺസലിങ് ക്യാമ്പുകൾ തുടങ്ങാൻ ജില്ലാ ഇൻസ്‌പെക്ടർ ഓഫ് സ്‌കൂൾസിന് മജിസ്‌ട്രേറ്റ് നിർദേശം നൽകി.

നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സർവകലാശാലയെ മനഃപൂർവം ലക്ഷ്യം വയ്ക്കുകയാണെന്നും സമാജ്‌വാദി പാർട്ടി വക്താവ് ജൂഹി സിങ് ആരോപിച്ചു. മിതമായ ഫീസിൽ സാധാരണക്കാരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമാണിത്. കെട്ടിട പ്ലാനുകളുടെ പേരിൽ നടപടിയെടുക്കുകയാണെങ്കിൽ, ബി.ജെ.പി എം.എൽ.എമാരും എം.പിമാരും നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതേ മാനദണ്ഡങ്ങൾ പ്രകാരം പരിശോധന നടത്താൻ സർക്കാർ തയ്യാറുണ്ടോയെന്ന് ജൂഹി സിങ് ചോദിച്ചു. സർക്കാറിന്റെ പക്കൽ വിവരങ്ങൾ ഇല്ലെങ്കിൽ അത് നൽകാൻ പാർട്ടി തയ്യാറാണെന്നും അവർ വ്യക്തമാക്കി. ബുൾഡോസർ രാജിന്റെ പേരിൽ യു.പിയിൽ ന്യൂനപക്ഷങ്ങളുടെ വീടുകളും സ്ഥാപനങ്ങളും വ്യാപകമായി തകർക്കുന്നതിനിടയിലാണ് പുതിയ സംഭവം.

Tags:    
News Summary - Action against Mohammad Ali Jauhar University; Yogi government orders demolition of 38 out of 40 buildings.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.