കോൺസുലാർ സേവനങ്ങൾ പുനഃസ്ഥാപിക്കാനുള്ള ഡൽഹി ഹൈകോടതി ഉത്തരവിനെതിരെ കേന്ദ്രം സുപ്രീംകോടതിയിൽ; തിങ്കളാഴ്ച വാദം കേൾക്കും

ന്യൂഡൽഹി: യു.എ.ഇ ഉൾപ്പെടെയുള്ള നാല് രാജ്യങ്ങളിലെ കോൺസുലാർ സേവനങ്ങൾ ഔട്ട്സോഴ്സ് ചെയ്യുന്നതിനുള്ള ഇന്ത്യൻ മിഷന്‍റെ ടെന്‍റർ നടപടിക്രമം റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്ര സർക്കാർ. തിങ്കളാഴ്ച കേസ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. കോൺസുലർ സേവനങ്ങൾ ഔട്ട്സോഴ്സ് ചെയ്യുന്നതിന് റീടെന്‍ററിങ് നടപടിക്രമം വേണമെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചതിനു പിന്നാലെയാണ് ഈ നീക്കം. കുവൈത്ത്, സിങ്കപ്പൂർ, ആസ്ട്രേലിയ, യുഎഇ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിലെ സേവനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.

ജൂലൈ 15-നാണ് ഡൽഹി ഹൈക്കോടതി നിർണ്ണായകമായ വിധി പുറപ്പെടുവിച്ചത്. നാല് എംബസികളിലെയും ടെന്‍റർ നടപടികൾ അങ്ങേയറ്റം ഏകപക്ഷീയവും സുതാര്യതയില്ലാത്തതുമാണെന്ന് നിരീക്ഷിച്ചാണ് കോടതി അവ റദ്ദാക്കിയത്. ടെക്നിക്കൽ മൂല്യനിർണ്ണയ പ്രക്രിയയിൽ അഴിമതിയും അവ്യക്തതയും ഉണ്ടെന്നും, ബിഡ്ഡർമാരെ അയോഗ്യരാക്കിയതിനോ മാർക്ക് നൽകിയതിനോ ഉള്ള കൃത്യമായ കാരണങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി കണ്ടെത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ പുതിയ ടെന്‍റർ നടപടികൾ ആരംഭിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

ഈ വിഷയത്തിൽ അടിയന്തര വാദം കേൾക്കാൻ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയുടെ ആവശ്യം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ടെന്‍റർ നടപടികൾ റദ്ദാക്കിയെങ്കിലും കോൺസുലാർ സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നതിനായി നിലവിലെ സേവന ദാതാക്കൾക്ക് പുതിയ ടെന്‍റർ നടപടികൾ പൂർത്തിയാകുന്നത് വരെ പ്രവർത്തനങ്ങൾ തുടരാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.

ഈ ടെന്‍റർ പ്രക്രിയയിൽ നിന്ന് തങ്ങളെ അന്യായമായി അയോഗ്യരാക്കി എന്ന് ആരോപിച്ച് ഇ ട്രാവൽ ടെക് ലിമിറ്റഡ്, വെറാസിസ് ലിമിറ്റഡ് എന്നീ കമ്പനികൾ നൽകിയ ഹർജികളെത്തുടർന്നാണ് ഹൈക്കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്. ടെക്നിക്കൽ യോഗ്യതാ ഘട്ടത്തിൽ തങ്ങളെ തഴഞ്ഞതിന്റെ കൃത്യമായ കാരണങ്ങൾ വെളിപ്പെടുത്താൻ മന്ത്രാലയം തയ്യാറായില്ലെന്ന് കമ്പനികൾ വാദിച്ചിരുന്നു.

Tags:    
News Summary - Centre moves Supreme Court against Delhi High Court order to restore consular services; hearing to be held on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.