ന്യൂഡൽഹി: യു.എ.പി.എ ചുമത്തി ജയിലിലടച്ച വിദ്യാർഥി നേതാവും സാമൂഹിക പ്രവർത്തകനുമായ ശർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഡൽഹി ഹൈകോടതി ഡൽഹി പൊലീസിന്റെ നിലപാട് തേടി. വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ സമർപ്പിച്ച അപ്പീലിൽ ജസ്റ്റിസുമാരായ പ്രതിഭ എം. സിങ്, വികാസ് മഹാജൻ എന്നിവരടങ്ങിയ ബെഞ്ചാണ് പൊലീസിന് നോട്ടീസ് അയച്ചത്. മറുപടി നൽകാൻ ഡൽഹി പൊലീസിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ച കോടതി, കേസ് ആഗസ്റ്റ് 27ലേക്ക് മാറ്റി.
ശർജീൽ ഇമാമിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷ തള്ളിയ വിചാരണകോടതിയുടെ ജൂലൈ 4ലെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. കഴിഞ്ഞ ജനുവരിയിൽ സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിന് ശേഷമുണ്ടായ സാഹചര്യങ്ങൾ പരിഗണിക്കുന്നതിൽ വിചാരണകോടതിക്ക് വീഴ്ച പറ്റിയെന്ന്
ശർജീലിന് വേണ്ടി ഹാജരായ അഭിഭാഷകൻ താലിബ് മുസ്തഫ വാദിച്ചു. കേസ് രജിസ്റ്റർ ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ട വാദങ്ങൾക്കപ്പുറം വിചാരണ നടപടികൾ ഒരിഞ്ചുപോലും മുന്നോട്ട് പോയിട്ടില്ലെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. എന്നാൽ വിചാരണ വൈകുന്ന കാര്യം സുപ്രീം കോടതി നേരത്തെ തന്നെ പരിഗണിച്ചിട്ടുള്ളതാണെന്ന് ഡൽഹി പൊലീസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു. കേസിലെ പ്രതികളുടെ എണ്ണം കൂടുതലായതിനാൽ കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ട വാദങ്ങൾ 200 ദിവസത്തിലേറെ നീണ്ടുനിന്നതായും കേസിൽ ഉടൻ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
2019ലെ സി.എ.എക്കും എൻ.ആർ.സിക്കുമെതിരെ ഡൽഹിയിൽ നടന്ന ജനകീയ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ സംഘർഷത്തിൽ 53 പേർ കൊല്ലപ്പെടുകയും എഴുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിൽ ഗൂഢാലോചനക്കുറ്റം ആരോപിച്ചാണ് 2020 ഓഗസ്റ്റ് 25ന്ശർജീൽ ഇമാമിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. സുപ്രീം കോടതിയുടെ മുൻ ഉത്തരവുള്ളതിനാൽ ജാമ്യാപേക്ഷ പരിഗണിക്കാൻ സാങ്കേതികമായി കഴിയില്ലെന്നായിരുന്നു വിചാരണക്കോടതിയുടെ നിലപാട്. എന്നാൽ ജാമ്യാപേക്ഷ സ്വതന്ത്രമായി പരിശോധിക്കാൻ വിചാരണകോടതി തയ്യാറായില്ലെന്ന്ശർജീൽ അപ്പീലിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഡൽഹി കലാപക്കേസിലെ ഗൂഢാലോചന ആരോപിച്ച് ഉമർ ഖാലിദ്,ശർജീൽ ഇമാം എന്നിവർക്ക് സുപ്രീം കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ ഇതേകേസിലെ മറ്റ് പ്രതികളായ ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫാ ഉർ റഹ്മാൻ, മുഹമ്മദ് സലിം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കുറ്റകൃത്യത്തിലെ പങ്കാളിത്തത്തിന്റെ സ്വഭാവം കണക്കിലെടുത്ത് എല്ലാ പ്രതികളെയും ഒരുപോലെ കാണാനാകില്ലെന്നും ഉമർ ഖാലിദിനും ശർജീൽ ഇമാമിനുമെതിരെ യു.എ.പി.എ പ്രകാരം പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നുമാണ് അന്ന് കോടതി വിലയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.