സ്കൂൾ കുട്ടികൾക്കുള്ള സംസ്ഥാന സർക്കാറിന്‍റെ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരണത്തിന്‍റെ ഉദ്ഘാടന വേളയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വിദ്യാർഥികൾക്കൊപ്പം ഭക്ഷണം കഴിക്കുന്നു (ഫയൽ ചിത്രം)

ഭക്ഷണം തയാറാക്കുന്നത് ദലിത് സ്ത്രീ; സ്കൂളിലേക്ക് മക്കളെ അയക്കില്ലെന്ന് രക്ഷിതാക്കൾ, റോഡ് ഉപരോധിച്ചു

ചെന്നൈ: പ്രൈമറി സ്കൂൾ കുട്ടികൾക്കായുള്ള തമിഴ്നാട് സർക്കാറിന്‍റെ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ചത് ആഴ്ചകൾക്ക് മുമ്പ് വാർത്തകളിൽ നിറഞ്ഞിരുന്നു. അതിനിടെ സംഘ്പരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന ദിനമലർ പത്രം പ്രഭാതഭക്ഷണ പദ്ധതിക്കെതിരെ രംഗത്തുവന്നത് ഏറെ പ്രതിഷേധനത്തിനുമിടയാക്കി. എന്നാലിപ്പോൾ, പ്രഭാതഭക്ഷണ പദ്ധതി നടപ്പാക്കിയ ഒരു സ്കൂളിൽനിന്നുള്ള സംഭവമാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.

സ്കൂളിൽ പ്രഭാത ഭക്ഷണം തയാറാക്കുന്നത് ദലിത് സ്ത്രീ ആയതിനാൽ മക്കളെ അയക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഒരുപറ്റം രക്ഷിതാക്കൾ. കാരൂർ ജില്ലയിലെ വേലൻചട്ടിയൂരിലുള്ള പഞ്ചായത്ത് യൂനിയൻ പ്രൈമറി സ്കൂളിലാണ് സംഭവം. സുമതി എന്ന സ്ത്രീയാണ് ഇവിടെ രാവിലെ ഭക്ഷണം ഒരുക്കുന്നത്. സ്കൂളിലെ ഭൂരിഭാഗം രക്ഷിതാക്കളും പദ്ധതിയെ അനുകൂലിക്കുകയും മക്കളെ രാവിലെ ഭക്ഷണത്തിനായി അയക്കുകയും ചെയ്യുന്നുണ്ട്.

വിസമ്മതമറിയിച്ച രക്ഷിതാക്കൾ റോഡ് ഉപരോധമടക്കം പ്രതിഷേധവും നടത്തി. സംഭവം വിവാദമായതോടെ കാരൂർ ജില്ല കലക്ടർ പ്രഭു ശങ്കർ സ്കൂൾ സന്ദർശിച്ച് പ്രഭാത ഭക്ഷണം കഴിച്ചു. മാത്രമല്ല, എതിർപ്പറിയിച്ച രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും കേസെടുക്കുന്നതടക്കം കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. മാത്രമല്ല, പൊലീസും രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് തിരുപ്പൂരിലെ സർക്കാർ സ്‌കൂളിൽനിന്നും സമാന വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കലിംഗരായൻപാളയം പഞ്ചായത്ത് പ്രൈമറി സ്‌കൂളിലെ 44 കുട്ടികളിൽ 12 പേർ മാത്രമാണ് പ്രഭാതഭക്ഷണം കഴിക്കാൻ തയാറായത്. ദലിത് പാചകക്കാരി തയാറാക്കിയ പ്രഭാത ഭക്ഷണമായതിനാൽ കഴിക്കാനാവില്ലെന്നാണ് ബാക്കിയുള്ള കുട്ടികൾ അറിയിച്ചത്. ഇതോടെ തിരുപ്പൂർ കലക്ടർ വിഷയത്തിൽ ഇടപെട്ടു. കടുത്ത നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ രക്ഷിതാക്കൾ വഴങ്ങുകയായിരുന്നു.

Tags:    
News Summary - Students of TN govt school refuse free breakfast cooked by Dalit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.