പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് സമിതി ജനറൽ സെക്രട്ടറി സുഖ്വീന്ദർ സിങ് സബ്റ പഞ്ചാബിലെ ഫിറോസ്പൂരിൽനിന്ന് 3500 കർഷകരെയും കൊണ്ടാണ് സിംഘു അതിർത്തിയിലെ സമരഭൂമിയിൽ എത്തിയത്. സംയുക്ത സമരസമിതിയുടെ ഭാഗമല്ലാത്ത നിരവധി കർഷക സംഘടനകൾ ഇവരെപ്പോലെ അതിർത്തിയിലെ കർഷക സമരത്തിൽ വന്ന് ചേർന്നുകൊണ്ടിരിക്കുകയാണ്. ഗുർദാസ്പുർ, കപൂർതല, ജലന്ധർ, തരൺതരൺ, അമൃത്സർ എന്നിവിടങ്ങളിൽനിന്ന് വലിയൊരു സംഘംകൂടി വരുന്നുണ്ടെന്ന് കർഷകർക്കിടയിൽ വലിയ സ്വാധീനമുള്ള സുഖ്വീന്ദർ പറഞ്ഞു.
കൃഷിയുടെ സീസണായിട്ടും അതുപേക്ഷിച്ചാണ് പലരുടെയും വരവ്. ഇൗ കൃഷി സീസൺ നഷ്ടപ്പെടില്ലേ എന്ന് ചോദിച്ചപ്പോൾ അംബാനിയിൽനിന്നും അദാനിയിൽനിന്നും ഞങ്ങൾക്ക് കൃഷി രക്ഷപ്പെട്ടിട്ടു വേണ്ടേ കൃഷി ചെയ്യാൻ എന്നായിരുന്നു സിങ്ങിെൻറ മറുപടി. ജനങ്ങളെ ഉൗട്ടാൻ രാജ്യത്തിനു വേണ്ടിയാണ് ഞങ്ങളിപ്പോൾ കൃഷി ചെയ്യുന്നത്. എന്നാൽ, അത് നിർത്തി കോർപറേറ്റുകൾക്കുവേണ്ടി ഇനിമുതൽ കൃഷി ചെയ്യണമെന്നാണ് ഞങ്ങളോട് പറയുന്നത്. മോദി ഒരേ കാര്യം നിരന്തരം ആവർത്തിച്ചുകൊണ്ടിരുന്നാൽ പഞ്ചാബിലെ കർഷകർ 2024 വരെ ഇവിടെയിരിക്കും. സമരം 14 ദിവസം പിന്നിട്ടപ്പോഴേക്കും കർഷകർക്ക് പുതിയ നിയമംകൊണ്ട് പ്രയോജനം കിട്ടിയെന്നു പറഞ്ഞത് കളവാണെന്ന് മോദി സമ്മതിച്ചുകൊണ്ടാണ് ഇപ്പോൾ ഭേദഗതി വരുത്താമെന്നു പറയുന്നത്. കർഷകർക്ക് മെച്ചമുള്ള ഒരു നിയമം എന്തിനാണ് ഭേദഗതി ചെയ്യുന്നതെന്ന് സബ്റ മോദിയെ പരിഹസിച്ചു.
മൂന്നു നിയമങ്ങൾ പിൻവലിക്കുന്നതിനൊപ്പം 10 വർഷം കഴിഞ്ഞ ട്രാക്ടറുകൾ ഓടിക്കാൻ പാടില്ലെന്ന വിലക്കും ഒഴിവാക്കണമെന്ന ആവശ്യംകൂടി പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് സമിതി ഉന്നയിക്കുന്നുണ്ട്. മറ്റു മോട്ടോർ വാഹനങ്ങളുടെ കാര്യത്തിലെന്നപോലെ ട്രാക്ടറുകളുടെ കാര്യത്തിലും വിലക്കേർപ്പെടുത്തിയാൽ ചെറുകിട കർഷകർക്ക് ട്രാക്ടറുകൾ സ്വപ്നമാകും. 20-40 വർഷം പഴക്കമുള്ള ട്രാക്ടറുകളുള്ളവരാണ് പഞ്ചാബി കർഷകർ. അവയൊക്കെ നിർത്തിയിടേണ്ടി വന്നാൽ ഭൂരിഭാഗം പേരും കൃഷി നിർത്തി സ്വന്തം ഭൂമി കോർപറേറ്റുകൾക്ക് നൽകേണ്ടിവരും. പാരിസ്ഥിതിക മിലിനീകരണത്തിെൻറ പേരിൽ 10 വർഷത്തെ വാഹനങ്ങൾ റോഡിൽ ഇറക്കരുതെന്ന കൽപന ട്രാക്ടറുകൾക്കുകൂടി ബാധകമാക്കിയതിനെതിരെ 40 വർഷം പഴക്കമുള്ള ട്രാക്ടർ ഓടിച്ച് എത്തിയ കർഷകനെ സബ്റ പരിചയപ്പെടുത്തി. പഞ്ചാബിൽനിന്ന് 550 കി.മീ. ഓടിച്ചാണ് ട്രാക്ടർ സിംഘുവിലെത്തിച്ചത്. 40 വർഷവും നന്നായി പരിപാലിച്ചതു കൊണ്ടാണ് അതിന് കഴിഞ്ഞതെന്നും സബ്റ പറഞ്ഞു.
കർഷകരുടെ വലിയ പിന്തുണയുണ്ടായിട്ടും സർക്കാർ ചർച്ചയിൽ പരിഗണിക്കാതിരുന്ന മറ്റൊരു യൂനിയനാണ് ജോഗീന്ദർ ഉഗ്രഹാൻ നയിക്കുന്ന ഭാരതീയ കിസാൻ യൂനിയൻ (ഏക്ത -ഉഗ്രഹാൻ). അതിർത്തികളിൽ സമരം നടത്തുന്ന കർഷക സംഘടനകളിൽ ഏറ്റവും കൂടുതൽ ആൾബലമുള്ള സംഘടനയും ടിക്രി അതിർത്തിയിലിരിക്കുന്ന ഇവർതന്നെ. മനുഷ്യാവകാശ ദിനത്തിൽ ജയിലിലടക്കപ്പെട്ട ആക്ടിവിസ്റ്റുകളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ജനാധിപത്യ അവകാശങ്ങൾക്കായി അവരുടെ ചിത്രങ്ങളുയർത്തി ശ്രദ്ധേയമായ സമരം നയിച്ചത് ഈ യൂനിയനായിരുന്നു. മോദിസർക്കാറിനെ തുറന്നുകാണിക്കാൻ എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും ഒന്നിക്കേണ്ട സമയമാണിതെന്ന നിലപാടുള്ള ഉഗ്രഹാൻ മറ്റു മനുഷ്യാവകാശ പ്രശ്നങ്ങളുമായി കർഷകരുടെ സമരത്തെ കൂട്ടിക്കെട്ടുന്നതും അതുകൊണ്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.