ചെന്നൈ: കൊളോണിയൽ കാലം മുതൽ അധികാരക്കോട്ടയായി തലയെടുത്തു നിൽക്കുന്ന സെന്റ് ജോർജ് കോട്ടയിൽ എം.കെ. സ്റ്റാലിൻ തുടരുമോ അതോ എടപ്പാടി തിരിച്ചുവരുമോ എന്ന ചോദ്യത്തിനുത്തരം നൽകാൻ തമിഴകത്ത് വ്യാഴാഴ്ച വോട്ടർമാർ ബൂത്തിലേക്ക്.
മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെയും എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലെ അണ്ണാ ഡി.എം.കെയും കൊണ്ടുംകൊടുത്തും നടത്തിവന്ന പരസ്യപ്രചാരണം കൊട്ടിക്കലാശത്തോടെ അവസാനിച്ചു. മാർച്ച് 15ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതൽ തുടങ്ങിയ ‘തേർതൽ തിരുവിഴാ’(തെരഞ്ഞെടുപ്പുത്സവം) അവസാനിക്കുന്നത് 37ാം നാളിൽ.
ചിലയിടങ്ങളിലെങ്കിലും ചതുഷ്കോണ മത്സരം അരങ്ങേറുന്ന തെരഞ്ഞെടുപ്പിൽ കരുത്തനായ സ്റ്റാലിനെ വീഴ്ത്താൻ എടപ്പാടിയെ മുന്നിൽ നിർത്തിയുള്ള മോദി-അമിത് ഷാമാരുടെ തന്ത്രം വിജയിക്കുമോ എന്നതാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. എന്നാൽ, പ്രചാരണത്തിലുടനീളം ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനുമെതിരെ നേർക്കുനേർ ആഞ്ഞടിച്ച സ്റ്റാലിന്റെ പ്രചാരണം ജനമനസ്സുകളിൽ ഇടംപിടിച്ചുവെന്നാണ് അന്തിമ വിശകലനം. ഇതേ പോയന്റ് തന്നെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രചാരണത്തിൽ ഉപയോഗിച്ചത്.
നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം(ടി.വി.കെ) ട്രോജൻ കുതിരയാവുമെന്നും രാഷ്ട്രീയ കേന്ദ്രങ്ങൾ പറയുന്നുണ്ട്. ടി.വി.കെ നല്ല ശതമാനം വോട്ട് പിടിക്കുമെന്നാണ് പൊതു വിലയിരുത്തൽ.
ഇത് ഏത് മുന്നണിയെയാണ് ബാധിക്കുകയെന്ന് കണ്ടറിയണം. പ്രചാരണത്തിൽ ഡി.എം.കെക്കെതിരെ മാത്രം സംസാരിച്ച വിജയ് യുടെ ലക്ഷ്യവും മറ്റൊന്നല്ല. എന്നാൽ സ്റ്റാലിനാവട്ടെ, ഒരുതവണ പോലും വിജയ് യുടെ പേര് പരാമർശിച്ചിട്ടില്ല. പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ചൊവ്വാഴ്ച ൈവകീട്ട് വിവിധ കേന്ദ്രങ്ങളിൽ അരങ്ങേറിയ കൊട്ടിക്കലാശം ആവേശമായി. സ്റ്റാലിൻ സ്വന്തം മണ്ഡലമായ കൊളത്തൂരിലും എടപ്പാടി പളനിസാമി സേലത്തെ എടപ്പാടിയിലുമാണ് അവസാനഘട്ട പ്രചാരണം നടത്തിയത്.
നടൻ വിജയ് ചെൈന്ന നന്ദനത്ത് നടന്ന പൊതുസേമ്മളനത്തെ അഭിസംബോധന ചെയ്താണ് പ്രചാരണം അവസാനിപ്പിച്ചത്. തെരഞ്ഞെടുപ്പ് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് മൊത്തം 1,200 കോടി രൂപയുടെ കറൻസി, സ്വർണം, മദ്യം തുടങ്ങിയവ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.