സുനേത്ര പവാർ

അജിത് പവാറിന്റെ മരണം: സത്യം പുറത്തുവരണം, നീതിയുക്തമായ അന്വേഷണം വേണമെന്ന് സുനേത്ര പവാർ

ബാരാമതി: അജിത് പവാറിന്റെ വിമാനാപകടത്തിൽ ദുരൂഹതകൾ നിലനിൽക്കുന്നുണ്ടെന്നും സത്യം പുറത്തുകൊണ്ടുവരാൻ ഉന്നതതല അന്വേഷണം വേണമെന്നും സുനേത്ര പവാർ. ഇക്കാര്യം ആവശ്യപ്പെട്ട് താൻ നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടതായി അവർ വ്യക്തമാക്കി. അപകടത്തെക്കുറിച്ച് ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങൾ ബാക്കിയുണ്ടെന്ന് സുനേത്ര പവാർ പറഞ്ഞു.

അജിത് പവാറിന്റെ വിമാനാപകടത്തെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടണം. ഓരോ ചോദ്യത്തിനും കൃത്യമായ മറുപടി ലഭിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഞാൻ വ്യക്തിപരമായ മുൻകൈ എടുത്ത് പ്രധാനമന്ത്രിയെയും അമിത് ഷായെയും കണ്ട് സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടത്’ സുനേത്ര വ്യക്തമാക്കി.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഈ ആവശ്യത്തിന് പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും നിലവിൽ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും സുനേത്ര പറഞ്ഞു. മഹാരാഷ്ട്ര നിയമസഭയിലും ഈ വിഷയം ചർച്ചയായിരുന്നു. കുറ്റവാളികൾ ആരായാലും അവരെ വെറുതെ വിടില്ലെന്നും സത്യം പുറത്തുകൊണ്ടുവരുന്നത് മാത്രമായിരിക്കും അജിത് പവാറിന് നൽകാവുന്ന ഏറ്റവും വലിയ ആദരവെന്നും അവർ കൂട്ടിച്ചേർത്തു. അന്വേഷണ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് സജീവമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും യാതൊരു വിട്ടുവീഴ്ചക്കും തയാറല്ലെന്നും സുനേത്ര പവാർ ആവർത്തിച്ചു.

ബാരമതി ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന സമാപന റാലിയിൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രമുഖരും ഒത്തുചേർന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ, എം.പി സുപ്രിയ സുലെ എന്നിവർ വേദി പങ്കിട്ടു. ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ച എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന് റാലിയിൽ പങ്കെടുക്കാൻ സാധിച്ചില്ല. എന്നാൽ, ആശുപത്രിയിൽ നിന്ന് അദ്ദേഹം ബാരാമതിയിലെ ജനങ്ങൾക്ക് സന്ദേശമയച്ചു. ഉപതെരഞ്ഞെടുപ്പിൽ സുനേത്ര പവാറിന് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags:    
News Summary - Sunetra Pawar demands fair, impartial probe into Ajit Pawar's plane crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.