ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സുഭാഷ് ചന്ദ്രബോസിന്റെ ഉദ്ധരണി സ്വാമി വിവേകാനന്ദന്റേതെന്ന് പറഞ്ഞ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് തൃണമൂൽ എം.പി മഹുവ മൊയ്ത്ര. യോഗി ആദിത്യനാഥിനെ ബുൾഡോസർ ബുദ്ധി എന്നുവിളിച്ച മഹുവ മൊയ്ത്ര വസ്തുതകൾ ശരിയായി മനസിലാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
‘ഹലോ ബുൾഡോസർ ബുദ്ധീ..., നിങ്ങൾ വസ്തുതകൾ ശരിയായി മനസിലാക്കുക. നേതാജി സുഭാഷ് ചന്ദ്ര ബോസ് പറഞ്ഞു ‘എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം’. സ്വാമി വിവേകാനന്ദൻ അത് പറഞ്ഞിട്ടില്ല. ദയവായി ഫാന്റ കുടിക്കാൻ യു.പിയിലേക്ക് മടങ്ങുക, ബംഗാളിനെ വെറുതേ വിടൂ. താങ്കൾ ഒരു തമാശയാണ്’ -മഹുവ മൊയ്ത്ര സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
‘എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം’ എന്ന സുഭാഷ് ചന്ദ്രബോസിന്റെ വാക്കുകൾ യു.പി മുഖ്യമന്ത്രി സ്വാമി വിവേകാനന്ദന്റേതായി തെറ്റായി വ്യാഖ്യാനിക്കുന്ന വീഡിയോ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ പങ്കുവെക്കുകയും ചെയ്തു. ബി.ജെ.പിയുടെ ‘ഞെട്ടിപ്പിക്കുന്ന അജ്ഞതയും ബംഗാളിന്റെ ചരിത്രത്തോടുള്ള അവജ്ഞയും’ ഈ അബദ്ധത്തിലൂടെ തുറന്നുകാട്ടിയതായി തൃണമൂൽ കോൺഗ്രസ് പറഞ്ഞു.
‘ബംഗാളിന്റെ ചരിത്രത്തോടുള്ള ഞെട്ടിക്കുന്ന അവജ്ഞയും ബി.ജെ.പിയുടെ അജ്ഞതയും യോഗി ആദിത്യനാഥിന്റെ പരാമർശത്തിലൂടെ വീണ്ടും തുറന്നുകാട്ടി. എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന അനശ്വരമായ വരി സ്വാമി വിവേകാനന്ദൻ പറഞ്ഞതായി അദ്ദേഹം പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസാണ് അത് പറഞ്ഞത്. തികച്ചും വ്യത്യസ്തമായ രണ്ട് ഐക്കണുകൾ. തികച്ചും വ്യത്യസ്തമായ രണ്ട് പൈതൃകങ്ങൾ. ഇരുവരും ബംഗാളിന്റെ പുത്രന്മാരും. ഒരേയൊരു വാചകത്തിൽ ഇരുവരെയും അപമാനിച്ചു. സ്വാമി വിവേകാനന്ദനെ നേതാജി സുഭാഷ് ചന്ദ്രബോസിൽ നിന്ന് അവർക്ക് വേർതിരിച്ചറിയാൻ കഴിയില്ല. അവർ തെറ്റായ ഉദ്ധരണികൾ നൽകുന്നു. സ്വാമി വിവേകാനന്ദന്റെ പ്രതിമയിൽ മാലയിടുകയും അദ്ദേഹത്തെ നേതാജി എന്ന് വിളിക്കുകയും ചെയ്യുന്നു. എന്നിട്ടും ഇതേ ആളുകൾക്ക് ‘സോനാർ ബംഗ്ലാ’ നിർമിക്കാൻ സ്വപ്നം കാണാൻ ധൈര്യമുണ്ട്. അവരുടെ അജ്ഞതയുടെ ആഴം അവരുടെ അഹങ്കാരവുമായി പൊരുത്തപ്പെടുന്നുണ്ട്’ -തൃണമൂൽ കോൺഗ്രസിന്റെ എക്സ് പോസ്റ്റിൽ ബി.ജെ.പിയെ വിമർശിച്ചുകൊണ്ട് കുറിച്ചു.
ഏപ്രിൽ 23നും 29നും രണ്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ ബംഗാളിലെത്തുകയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.