ന്യൂഡൽഹി: രാഷ്ട്രീയത്തിൽ പ്രവേശിക്കുന്ന സ്ത്രീകളെക്കുറിച്ച് ബിഹാറിൽ നിന്നുള്ള സ്വതന്ത്ര എം.പിയായ പപ്പു യാദവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധം ശക്തം. മിക്ക സ്ത്രീകൾക്കും ഉന്നത സ്ഥാനങ്ങളുള്ള നേതാക്കളുടെ കിടപ്പറകളിലൂടെ കടന്നുപോകാതെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ കഴിയില്ല എന്ന പ്രസ്താവനക്കെതിരെയാണ് പ്രതിഷേധം. ബീഹാറിലെ പൂർണ്ണിയയിൽ നിന്നുള്ള എം.പിയായ പപ്പു യാദവ് പൊതുപരിപാടിക്കിടെയാണ് ഈ വിവാദ പരാമർശം നടത്തിയത്.
‘ഇന്ത്യയിൽ സ്ത്രീകളെ ദേവതകൾ എന്നു വിളിക്കുന്നു. പക്ഷേ നിർഭാഗ്യവശാൽ, രാജ്യത്ത് അവർക്ക് ഒരിക്കലും ബഹുമാനം ലഭിക്കുന്നില്ല. ഇതിന് ഉത്തരവാദി വ്യവസ്ഥയും സമൂഹവുമാണ്. 90 ശതമാനം സ്ത്രീകൾക്കും രാഷ്ട്രീയക്കാരുടെ കിടപ്പറയിൽ പ്രവേശിക്കാതെ അവരുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കാൻ കഴിയില്ല’ പപ്പു യാദവ് പറഞ്ഞു. സ്ത്രീകളുടെ മാന്യതയെക്കുറിച്ച് ലോക്സഭയിൽ ഭരണപക്ഷം സംസാരിക്കുന്നത് പരിഹാസരൂപേണയാണെന്നും പപ്പു യാദവ് പറഞ്ഞു.
ലോക്സഭയിൽ വനിത സംവരണ ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് എം.പിയുടെ വിവാദ പരാമർശം. പപ്പു യാദവിന്റെ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി ക്രിമിനൻ കേസുകളിൽ പ്രതിയായ നേതാവ് കൂടിയാണ് പപ്പു യാദവ്.
പപ്പു യാദവിന്റെ പരാമർശത്തിനെതിരെ ബിഹാർ വനിത കമീഷൻ സ്വമേധയാ കേസെടുത്തു. മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകാനും ആവശ്യപ്പെട്ടു. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ ആത്മാഭിമാനത്തെയും അന്തസിനെയും മുറിപ്പെടുത്തുന്നതാണ് പ്രസ്താവനയെന്ന് നിരീക്ഷിച്ച കമീഷൻ, എന്തുകൊണ്ട് എം.പി സ്ഥാനത്തുനിന്ന് പുറത്താക്കാൻ ശിപാർശ ചെയ്തുകൂടാ എന്നും ചോദിച്ചു.
അതേസമയം, പപ്പു യാദവിന്‍റെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തി. രാജ്യം നാരി ശക്തിയെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ കോൺഗ്രസ് പിന്തുണക്കുന്ന ഒരു എം.പി ഇത്തരത്തിൽ സംസാരിക്കുന്നത് ഞെട്ടിക്കുന്നതാണെന്നായിരുന്നു ബി.ജെ.പി നേതാവ് ഷെഹ്സാദ് പൂനവാലയുടെ പ്രതികരണം. സ്ത്രീ വിരുദ്ധ പരാമർശത്തിൽ പപ്പു യാദവ് മാപ്പ് പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.