നരേന്ദ്ര മോദിക്കെതിരായ തീവ്രവാദി പരാമർശം: മല്ലികാർജുന്‍ ഖാർഗെ മാപ്പ് പറയണമെന്ന് ബി.ജെ.പി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ‍്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ നടത്തിയ തീവ്രവാദി പരാമർശത്തിൽ ബി.ജെ.പി രംഗത്ത്. വിവാദ പരാമർശത്തിൽ ഖാർഗെ മാപ്പ് പറയണമെന്നാണ് ബി.ജെ.പിയുടെ നിലപാട്. സംഭവത്തിൽ കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, നിർമല സീതാരാമന്‍ എന്നിവർ തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. രാജ്യത്തെ പ്രധാനമന്ത്രിക്കെതിരെയുള്ള പരാമർശം ജനാധിപത്യത്തെ താറടിക്കുന്ന നടപടിയാണെന്നും ഇതിനെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടിയെടുക്കണമെന്നും മന്ത്രിമാർ അറിയിച്ചു.

തമിഴ്‌നാട് തെരെഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായി സഖ്യം ചേർന്നതിനെ വിമർശിക്കവെയായിരുന്നു ഖാർഗെയുടെ പരാമർശം. അണ്ണാദുരൈയുടെ ചിത്രം ഉപയോഗിക്കുന്ന എ.ഐ.എ.ഡി.എം.കെ എങ്ങനെ നരേന്ദ്ര മോദിയെപോലെ ഒരു തീവ്രവാദിയുമായി കൈകോർക്കുമെന്നും നീതിയിലും സമത്വത്തിലും വിശ്വസിക്കാത്ത ബി.ജെ.പി ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പരാമർശം ബി.ജെ.പി വിവാദമാക്കിയതോടെ വാർത്താസമ്മേളനത്തിൽ തന്നെ ഖാർഗെ വിശദീകരണവുമായി രംഗത്തെത്തി. താൻ പ്രധാനമന്ത്രിയെ വ്യക്തിപരമായി ഒരു തീവ്രവാദി എന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം ജനങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും ഭയപ്പെടുത്തുന്നു എന്നാണ് ഉദ്ദേശിച്ചതെന്നും ഖാർഗെ വ്യക്തമാക്കി. ഇ.ഡി, സി.ബി.ഐ, ഐ.ടി തുടങ്ങിയ അന്വേഷണ ഏജൻസികളെ കൈപ്പിടിയിലൊതുക്കി മോദി രാഷ്ട്രീയ എതിരാളികളെ നിരന്തരം ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് താൻ അത്തരമൊരു വാക്ക് ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അത സമയം കോൺഗ്രസ് ഒരു ‘അർബൻ നക്സൽ’ പാർട്ടിയായി മാറിയെന്ന് ബി.ജെ.പി നേതൃത്വം കുറ്റപ്പെടുത്തി. പാർലമെന്റിൽ സ്ത്രീ സംവരണ ബിൽ പരാജയപ്പെടുത്തിയ പ്രതിപക്ഷ നടപടിയെ പ്രധാനമന്ത്രി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഖാർഗെയുടെ ഈ പരാമർശം പുറത്തുവന്നത്. അണ്ണാദുരൈ, പെരിയാർ, അംബേദ്കർ തുടങ്ങിയവരുടെ ദർശനങ്ങളെ ഇല്ലാതാക്കുന്നതാണ് ബി.ജെ.പി സഖ്യമെന്നും ക്ഷേമപ്രവർത്തനങ്ങൾക്കായി ഡി.എം.കെ-കോൺഗ്രസ് സഖ്യം നിലകൊള്ളുമെന്നും ഖാർഗെ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - "Terrorist" remark against Narendra Modi: BJP demands apology from Mallikarjun Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.