കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന ശ്രദ്ധാകേന്ദ്രമായി വടക്കൻ ബംഗാൾ. മുഖ്യ പാർട്ടികളുടെ നിർണായകമായ പോരാട്ട ഭൂമികയാണ് ഇവിടത്തെ 54 സീറ്റുകൾ. ആദ്യ ഘട്ടത്തിൽതന്നെ 54 സീറ്റുകളിലും വോട്ടെടുപ്പ് നടക്കും.സംസ്ഥാനത്ത് തങ്ങളുടെ ഉയർച്ചക്ക് ശക്തിപകർന്ന മേഖല നിലനിർത്താൻ ബി.ജെ.പി ശ്രമിക്കുമ്പോൾ, തൃണമൂലാവട്ടെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സമവാക്യങ്ങൾക്കിടയിൽ നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടക്കൻ ബംഗാൾ ബി.ജെ.പി തൂത്തുവാരിയിരുന്നു. എട്ട് പാർലമെന്റ് സീറ്റുകളിൽ ഏഴെണ്ണവും നേടി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 54 സീറ്റുകളിൽ 30 എണ്ണം നേടി വളർച്ചക്ക് തുടർച്ചയുണ്ടാക്കി. 54 സീറ്റുകളിൽ 48 എണ്ണം നേടുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യം. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം, തെക്കൻ ബംഗാളിലെ തൃണമൂൽ ആധിപത്യത്തെ അടിക്കാനുള്ള ഏറ്റവും നല്ല വടിയാണ് വടക്കൻ ബംഗാൾ. ഭരണകക്ഷിയെ സംബന്ധിച്ചിടത്തോളം, കാവി കുതിപ്പിന് തടയിടാൻ ഇവിടത്തെ വീണ്ടെടുക്കൽ അത്യാവശ്യവുമാണ്.
ഡാർജീലിങ്, കലിംപോങ്, ജൽപായ്ഗുരി, അലിപുർദുവാർ, കുച്ച് ബിഹാർ, നോർത്ത് ദിനജ്പുർ, സൗത്ത് ദിനജ്പുർ, മാൾഡ എന്നീ എട്ട് ജില്ലകളിലായി വടക്കൻ ബംഗാൾ വ്യാപിച്ചുകിടക്കുന്നു. കുന്നുകളും തേയിലത്തോട്ടങ്ങളും മുതൽ രാജ്ബൻഷി സമുദായത്തിന് മേൽക്കൈയുള്ള മേഖലയും ന്യൂനപക്ഷ ആധിപത്യമുള്ള സമതലങ്ങളും വരെ ഓരോ ജില്ലയും അതിന്റേതായ സ്വത്വവും രാഷ്ട്രീയ പാരമ്പര്യവും അടയാളപ്പെടുത്തിയവയാണ്.
എയിംസ്, ഐ.ഐ.ടി, ഐ.ഐ.എം, കാൻസർ ആശുപത്രി, തോട്ടം തൊഴിലാളികൾക്ക് ഭൂ അവകാശം, പ്രാദേശിക ഭാഷകൾക്ക് അംഗീകാരം തുടങ്ങിയ വാഗ്ദാനങ്ങൾ ഉയർത്തിക്കാട്ടിയാണ് ബി.ജെ.പി പ്രചാരണം കൊഴുപ്പിക്കുന്നത്. ബി.ജെ.പിയുടെ ആത്മവിശ്വാസത്തിന്റെ മറുപുറത്ത് അസ്വസ്ഥതയുടെ സൂചനകളുമുണ്ട്. കേന്ദ്രത്തോടുള്ള ഭരണവിരുദ്ധ വികാരം, തദ്ദേശീയമായ വിയോജിപ്പ്, സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള അസ്വസ്ഥതകൾ എന്നിവയോട് മല്ലിടുകയാണ് പാർട്ടി.
2024ൽ ബി.ജെ.പിയുടെ നേരിയ ഇടിവിനുശേഷം ഒരു തുടക്കം ലഭിച്ച തൃണമൂൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾ എന്നിവരിലാണ് തൃണമൂൽ പ്രതീക്ഷ പുലർത്തുന്നത്. ഒപ്പം തേയിലത്തോട്ട തൊഴിലാളികൾ, രാജ്ബൻഷികൾ എന്നിവരിലും സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നു.
ബി.ജെ.പി-ജി.ജെ.എം സഖ്യത്തെ നേരിടാനുള്ള തന്ത്രപരമായ നീക്കത്തിൽ അവർ അനിത് ഥാപ്പയുടെ ഭാരതീയ ഗൂർഖ പ്രജാതന്ത്ര് മോർച്ചയുമായി സഖ്യത്തിലേർപ്പെട്ടു. ഡാർജീലിങ്, കുർസിയോങ്, കലിംപോങ് എന്നിവിടങ്ങളിലെ സീറ്റുകൾ സഖ്യകക്ഷിക്ക് വിട്ടുകൊടുത്തു. എല്ലാത്തിലുമുപരിയായി, വോട്ടർ പട്ടിക തീവ്ര പരിഷ്കരണം നിരവധി ജില്ലകളിലെ രാഷ്ട്രീയ ഗണിതത്തെ മാറ്റുമെന്ന് ഇരു പാർട്ടികളും കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.