മുംബൈ: തെരുവുനായ്ക്കൾക്ക് ഭക്ഷണവും അൽപം കരുതലും നൽകിയാൽ അവ മനുഷ്യരെ ആക്രമിക്കാനൊരുങ്ങില്ലെന്ന് ബോംബെ ഹൈകോടതി. തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണകേന്ദ്രങ്ങൾ ഒരുക്കാൻ കോർപറേഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മുംബൈ സീവുഡ്സ് റെസിഡന്‍ഷ്യൽ കോംപ്ലക്സിലെ മൃഗസ്നേഹികൾ നൽകിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. നായ്ക്കൾക്ക് ഭക്ഷണം നൽകിയതിന് റെസിഡന്‍ഷ്യൽ കോംപ്ലക്സ് മാനേജ്മെന്‍റ് തങ്ങൾക്ക് പിഴ ചുമത്തിയത് റദ്ദാക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നു.
നായ്ക്കൾക്ക് ഭക്ഷണം കിട്ടാതാകുമ്പോഴാണ് അവ തേടിയെത്തുന്നതെന്നും മനുഷ്യർക്ക് പ്രശ്നമുണ്ടാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. നായ്ക്കളോട് അവരുടെ അതിർത്തി ഇതാണെന്ന് പറയാൻ ആർക്കുമാകില്ല. അതിർത്തി ഏതാണെന്ന് തിരിച്ചറിയാൻ നായ്ക്കൾക്കുമാകില്ല. ഒരുമിച്ച് നീങ്ങുകയാണ് ഇതിനുള്ള പരിഹാരം. നിങ്ങൾ ഭക്ഷണവും അൽപം കരുതലും നൽകുകയാണെങ്കിൽ നായ്ക്കൾ അക്രമാസക്തരാകില്ല -ജസ്റ്റിസ് ഗൗതം പട്ടേൽ പറഞ്ഞു.
ബോംബെ ഹൈകോടതിയിൽ നായ്ക്കളെക്കൊണ്ടുണ്ടായ പ്രതിസന്ധി അങ്ങനെയാണ് പരിഹരിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭക്ഷണം നൽകിയതോടെ നായ്ക്കളെല്ലാം കിടന്നുറങ്ങുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.
നായ്ക്കൾക്ക് ഭക്ഷണം നൽകാനായി പ്രത്യേകം കേന്ദ്രങ്ങൾ പൊതുസ്ഥലത്ത് ഒരുക്കുകയാണെങ്കിൽ അതിന്‍റെ സാമ്പത്തിക ബാധ്യതയും വാക്സിനേഷൻ, വന്ധ്യംകരണം തുടങ്ങിയ ചുമതലകളും സന്നദ്ധരായി എത്തിയ ആളുകൾക്കായിരിക്കുമെന്ന് കോടതി പറഞ്ഞു. ഇത്തരത്തിൽ സന്നദ്ധവ്യക്തികളുടെ പട്ടിക നൽകാൻ ആവശ്യപ്പെട്ട കോടതി കേസ് മാർച്ച് 20ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.