ന്യൂഡൽഹി: കഴിഞ്ഞ ദശാബ്ദത്തിനിടെ രാജ്യത്ത് ഏറ്റവുമധികം പ്രതിഷേധങ്ങൾക്ക് വേദിയായ സംസ്ഥാനം തമിഴ്നാടാണെന്ന് സർക്കാർ കണക്ക്. സമരപാരമ്പര്യമുള്ളതെന്ന് കരുതപ്പെടുന്ന കേരളവും പശ്ചിമബംഗാളും ആദ്യ പത്തിൽ പോലുമില്ല. 2015ൽ റെക്കോഡ് സമരങ്ങൾക്കാണ് തമിഴകം സാക്ഷിയായത്. 20,450 പ്രതിഷേധങ്ങൾ തമിഴ്നാട്ടിൽ അരങ്ങേറിയപ്പോൾ 13,000 പ്രതിഷേധങ്ങളുമായി പഞ്ചാബ് രണ്ടാമതെത്തി. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ബ്യൂറോ ഒാഫ് പൊലീസ് റിസർച് ആൻഡ് െഡവലപ്മെൻറ് ആണ് കണക്ക് പുറത്തുവിട്ടത്.
2009 മുതൽ തമിഴ്നാട് ആണ് പട്ടികയിൽ ഒന്നാമത്. കേരളവും (3,371 പ്രതിഷേധങ്ങൾ) പശ്ചിമബംഗാളും (3,089 പ്രതിഷേധങ്ങൾ) ഏറെ പിറകിലാണ്. പ്രതിഷേധിക്കുകയും കലഹിക്കുകയും ചെയ്യുന്ന ജനതയാണ് തമിഴകത്തിേൻറത്. പ്രതിഷേധങ്ങളിലൂടെയാണ് ഇവിടത്തെ നേതാക്കളിലധികംപേരും രാഷ്ട്രീയാസ്തിത്വം രൂപപ്പെടുത്തിയത്. ഇസൈ മുരസു നാഗൂർ ഹനീഫയുടെ ത്രസിപ്പിക്കുന്ന ശബ്ദത്തിൽ പോരാട്ടഗീതങ്ങൾ കേൾക്കാതെ ദ്രാവിഡ മുന്നേറ്റ കഴകത്തിെൻറ (ഡി.എം.െക) ഒരു യോഗവും പൂർണമാവില്ല. ‘കല്ലക്കുടി കൊണ്ട കരുണാനിധി വാഴ്കവേ’ (കല്ലക്കുടി വിജയിച്ച കരുണാനിധിക്ക് ദീർഘായുസായിരിക്കെട്ട) എന്ന പ്രശസ്ത ഗാനം കേൾക്കുേമ്പാൾ ആവേശം കൊണ്ട് കണ്ണീരണിയാത്ത ഡി.എം.കെ പ്രവർത്തകരുണ്ടാവില്ല. ഇൗ ഗാനങ്ങളിലൂടെ വെറും കരുണാനിധിയെ കലൈഞ്ജർ ആക്കിയ െഎതിഹാസിക പ്രതിഷേധഗാഥയാണ് ഹനീഫ പുതുതലമുറകളുമായി പങ്കുവെക്കുന്നത്.
ട്രിച്ചിയിലെ ഒരു ചെറിയ റെയിൽവേ സ്റ്റേഷനായ ഡാൽമിയാപുരത്തിെൻറ പേര് കല്ലക്കുടി എന്നു മാറ്റാൻ നടത്തിയ സമരത്തിനിടെ ട്രെയിൻ വരാൻ നേരത്ത് ട്രാക്കിൽ കിടന്ന് പ്രതിഷേധിച്ചാണ് കരുണാനിധി നേതാവായത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റി. പക്ഷേ, അതദ്ദേഹത്തെ വീരനായകപരിവേഷം നൽകി അനുഗ്രഹിച്ചു. 1938-68 കാലത്ത് രാജ്യത്തെ പിടിച്ചുകുലുക്കിയ ഹിന്ദി വിരുദ്ധ സമരം അടക്കം നിരവധി പ്രതിഷേധങ്ങൾക്കാണ് തമിഴ് ജനത നേതൃത്വം നൽകിയത്.
2017ൽ നടന്ന ജെല്ലിക്കെട്ട് സമരം ദേശീയ രാഷ്ട്രീയത്തിൽതന്നെ ചലനങ്ങളുണ്ടാക്കി. കൊടും വരൾച്ചയിൽ ജീവിതം വഴിമുട്ടിയതിനെതുടർന്ന് ഇൗയിടെ ഡൽഹിയിലെ ജന്തർമന്തറിൽ സമരമിരുന്ന തമിഴ് കർഷകർ വിചിത്ര മാർഗങ്ങളാണ് സ്വീകരിച്ചത്. ചത്ത എലികളെ തിന്നുക, മൂത്രം കുടിക്കുക, നഗ്നരായി ഒാടുക തുടങ്ങിയ സമരമുറകൾ അവർ പയറ്റി. സ്ത്രീകളും വിദ്യാർഥികളും യുവാക്കളും കർഷകരുമടങ്ങുന്ന ജനസാമാന്യമാണ് ഇൗ പ്രതിഷേധങ്ങളുടെ അണികളായത്. സമരവീര്യം സിരകളിൽ പേറുന്ന ഒരു ജനതയായി തമിഴകം തുടരുന്നുവെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.