ന്യൂഡൽഹി: ദീപാവലി ആശംസയറിക്കാതെ സ്റ്റാലിൻ പുതിയ തൊട്ടുകൂടായ്മക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി എൽ.മുരുകൻ. ഹിന്ദുക്കളുടെ ഉത്സവമായ ദീപാവലിക്ക് അദ്ദേഹം ആശംസയറിയിച്ചിട്ടില്ല. ഇതിന് അദ്ദേഹം തമിഴ്നാട്ടിലെ ജനങ്ങളോട് മാപ്പ് പറയണം. അഹിന്ദുക്കളുടെ ഉത്സവങ്ങൾക്ക് അദ്ദേഹം ആശംസ അറിയിക്കാറുണ്ട്. എന്നാൽ, ഹിന്ദുക്കളുടെ ആഘോഷങ്ങളെ മനപ്പൂർവം ഒഴിവാക്കുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
സ്റ്റാലിൻ ദീപാവലി ആശംസകൾ അറിയിക്കാത്തതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളാണ് വരുന്നത്. സ്റ്റാലിൻ ദീപാവലി ആശംസകൾ അറിയിക്കാത്തത് അദ്ദേഹത്തിന്‍റെ സർക്കാർ എല്ലാവരേയും ഉൾക്കൊള്ളുന്നില്ലെന്നതിന്‍റെ തെളിവാണെന്നായിരുന്നു സംഘപരിവാർ അനുകൂലികൾ ട്വിറ്ററിൽ ഉയർത്തിയ വിമർശനം. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനും വരെ ദീപാവലി ആശംസ നേർന്നിരുന്നുവെന്നും ട്വീറ്റുകളുണ്ടായിരുന്നു.
ഇതിന് ശക്തമായ ഭാഷയിലാണ് ഡി.എം.കെ മറുപടി നൽകിയത്. മുൻ മുഖ്യമന്ത്രിമാരായ സി.എൻ.അണ്ണാദുരൈയും എം.കരുണാനിധിയും ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നിരുന്നില്ല. സ്റ്റാലിനും അതുപോലെ ആശംസകൾ അറിയിച്ചില്ല. ഞങ്ങൾ വിഘടനവാദികളാണ് അതുകൊണ്ട് നിങ്ങൾക്ക് എന്താണ് പ്രശ്നമെന്ന് ഡി.എം.കെ എം.പി സെന്തിൽകുമാർ ട്വീറ്ററിലൂടെ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.