ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമീഷൻ പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ചയും വ്യാപക ക്രമക്കേടുകളും നടക്കുന്നതിനാൽ കമീഷൻ ചെയർമാൻ അസിം ഖുരാന, പേഴ്സനൽകാര്യ സഹമന്ത്രി ജിതേന്ദ്ര സിങ് എന്നിവരെ പുറത്താക്കണമെന്ന് കോൺഗ്രസ്.
മോദിസർക്കാർ അധികാരത്തിൽ വന്ന ശേഷം സ്റ്റാഫ് സെലക്ഷൻ കമീഷൻ നടത്തിയ ഏഴു പരീക്ഷകൾ റദ്ദാക്കേണ്ടിവന്നിട്ടുണ്ട്. ആൾമാറാട്ടം, വ്യാജ പരീക്ഷ കേന്ദ്രങ്ങൾ, മേൽനോട്ടമില്ലായ്മ, സംശയാസ്പദമായ സോഫ്റ്റ്വെയർ, ഒത്തുകളി തുടങ്ങി നിരവധി ക്രമക്കേടുകളെക്കുറിച്ച് പരാതി ഉയർന്നിരിക്കുന്നു. പരീക്ഷ പ്രക്രിയയുടെ പാവനത കാറ്റിൽപറത്തുന്നതിന് മോദി സർക്കാറിനെയും സ്റ്റാഫ് സെലക്ഷൻ കമീഷനെയും പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചു.
പ്രതിവർഷം രണ്ടു കോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്നവരാണ് തൊഴിൽ തട്ടിപ്പു നടത്തുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒാരോ വർഷവും 50,000 വരുന്ന ഒഴിവുകളിലേക്കാണ് സ്റ്റാഫ് സെലക്ഷൻ കമീഷൻ പരീക്ഷ നടത്തുന്നത്. ആ പ്രക്രിയ അട്ടിമറിക്കുന്നുവെന്ന പരാതികൾ പൂഴ്ത്തിവെക്കുകയാണ് സർക്കാർ. സ്റ്റാഫ് സെലക്ഷൻ കമീഷൻ ‘സൂപ്പർ സ്കാം കമീഷൻ’ ആയി മാറിയിരിക്കുന്നുവെന്ന് സുർജേവാല പറഞ്ഞു.
ഒരു വിദ്യാർഥിക്ക് 700 അഡ്മിറ്റ് കാർഡുകൾ അയച്ച സംഭവം വരെയുണ്ട്. പരീക്ഷ നടത്തിപ്പിലുള്ള സ്വകാര്യ സ്ഥാപനങ്ങളെ നിരീക്ഷിക്കാത്തതിനും പാർലമെൻറ് സമിതി സ്റ്റാഫ് സെലക്ഷൻ കമീഷനെ വിമർശിച്ചിട്ടുണ്ട്. യുവാക്കളുടെ ഭാവിയാണ് ഒത്തുകളിയും കെടുകാര്യസ്ഥതയും മൂലം അട്ടിമറിക്കുന്നതെന്ന് സുർജേവാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.