കൊളംബോ: ചെന്നൈയിൽ നിന്ന് കൊളംബോയിലേക്കു പോയ വിമാനത്തിൽ സമഗ്ര സുരക്ഷാ പരിശോധന. പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധമുള്ള ഒരാൾ വിമാനത്തിലുണ്ടാകാമെന്ന സൂചനയെത്തുടർന്നാണ് ചെന്നൈയിൽ നിന്ന് വന്ന വിമാനത്തിൽ പൊലീസ് പരിശോധന നടത്തിയത്. ശ്രീലങ്കൻ എയർലൈൻസിന്റെതായിരുന്നു വിമാനം.
പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള വ്യാപകമായ അന്വേഷണവും പ്രതികളെ പിടികൂടുന്നതിനായി വ്യാപകമായ തിരച്ചിലും ആരംഭിച്ച സാഹചര്യത്തിലാണ് പരിശോധന. പൊലീസും ശ്രീലങ്കന്‍ വ്യോമസേനയും സംയുക്തമായാണ് പരിശോധന നടത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും പോയ വിമാനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആറ് ഭീകരര്‍ ഉണ്ടെന്നായിരുന്നു ഇന്ത്യ നല്‍കിയ സ്ഥിരീകരണം.
ശ്രീലങ്കൻ എയർലൈൻസിന്റെ പ്രസ്താവന പ്രകാരം രാവിലെ 11:59 ന് കൊളംബോയിൽ എത്തിയ യു.എൽ 122 എന്ന വിമാനത്തിലയിരുന്നു പരിശോധന. 'ഇന്ന് രാവിലെ 11:59 ന് ചെന്നൈയിൽ നിന്ന് കൊളംബോയിൽ എത്തിയ 4ആർ-എ.എൽ.എസ് എയർക്രാഫ്റ്റ് സർവീസ് നടത്തുന്ന യു.എൽ 122 വിമാനത്തിൽ സമഗ്രമായ സുരക്ഷാ പരിശോധന നടത്തിയതായി ശ്രീലങ്കൻ എയർലൈൻസ് പൊതുജനങ്ങളെ അറിയിക്കുന്നു. ചെന്നൈ ഏരിയ കൺട്രോൾ സെന്ററിൽ നിന്നുള്ള മുന്നറിയിപ്പിനെത്തുടർന്ന് പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ചാണ് പരിശോധന നടന്നത്.' ശ്രീലങ്കൻ എയർലൈൻസ് വ്യക്തമാക്കി.
വിമാനം വിശദമായി പരിശോധിച്ച ശേഷം കൂടുതൽ പ്രവർത്തനങ്ങൾക്കായി അനുമതി നൽകിയതായും ഇവർ അറിയിച്ചു.
നിർബന്ധിത സുരക്ഷാ നടപടിക്രമങ്ങളുടെ ഫലമായി സിംഗപ്പൂരിലേക്ക് ഷെഡ്യൂൾ ചെയ്ത അടുത്ത സർവീസായ യു.എൽ 308 വിമാനം വൈകിയെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.