ആർഭാടമായി ശ്രീരാമുലുവിന്‍റെ മകളുടെ മാംഗല്യം; ആദായനികുതി വകുപ്പിന് പരാതി

ബംഗളൂരു: കോടികൾ ചിലവഴിച്ച് ലക്ഷത്തിലധികംപേരെ പങ്കെടുപ്പിച്ച് ഖനികളുടെ നാടായ ബെള്ളാരിയിൽനിന്നുള്ള ബി.ജെ.പി നേതാവും കർണാടകയിലെ ആരോഗ്യമന്ത്രിയുമായ ബി. ശ്രീരാമുലുവി​െൻറ മകളുടെ വിവാഹം. വ്യാഴാഴ്ച രാവിലെ ഏഴിനും ഒമ്പതിനും ഇടയിൽ പാലസ് ഗ്രൗണ്ടിൽ കോടികൾ ചിലവഴിച്ച് തയ്യാറാക്കിയ വേദിയിലാണ് ഹൈദരാബാദ് വ്യവസായി ലളിത് സഞ്ജീവ് റെഡ്ഡിയും ശ്രീരാമുലുവിന്‍റെ മകൾ രക്ഷിതയും തമ്മിലെ വിവാഹം നടന്നത്.

മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, ഖനി വ്യവസായിയും ബി.ജെ.പി നേതാവുമായ ജനാർദന റെഡ്ഡി, മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. േദവഗൗഡ, മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, മുൻ മന്ത്രി ഡി.കെ. ശിവകുമാർ, കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ തുടങ്ങിയ നിരവധി പേരാണ് വിവാഹത്തിനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ തുടങ്ങിയവരെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. പാലസ് ഗ്രൗണ്ടിലെ 40 ഏക്കര്‍ സ്ഥലത്ത് കര്‍ണാടകത്തിലെ ക്ഷേത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള മാതൃകകളും വിവാഹ വേദിയിൽ ഒരുക്കിയിരുന്നു. ഹംപിയിലെ വിരുപാക്ഷ ക്ഷേത്രത്തി​െൻറ മാതൃകയിൽ തീർത്ത വേദിയിലാണ് വിവാഹം നടന്നത്.

വിവാഹത്തിന് 500 കോടിയോളം രൂപ ചെലവാക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഇക്കാര്യം ശ്രീരാമുലു നിഷേധിച്ചിട്ടുണ്ട്. എന്നാൽ, വിവാഹത്തിന് കോടികൾ ചിലവഴിച്ചിട്ടുണ്ടെന്ന് നേതാക്കളും സമ്മതിക്കുന്നുണ്ട്. ബെള്ളാരിയിലെ വീട്ടിൽ പരമ്പരാഗത നൃത്തങ്ങളും കലാരൂപങ്ങളുമായി ദിവസങ്ങൾക്ക് മുമ്പ് തന്നെ ആഘോഷം തുടങ്ങിയിരുന്നു. ആഡംബര കാറുകളുടെയും കുതിരകളുടെയും അകമ്പടിയോടെ കൊട്ടും കുരവയുമായുള്ള ഘോഷയാത്രയോടെയാണ് വ്യാഴാഴ്ച രാവിലെ പാലസ് ഗ്രൗണ്ടിൽ വിവാഹ ചടങ്ങ് ആരംഭിച്ചത്. ബെള്ളാരിയിൽനിന്നുള്ള ബി.ജെ.പി നേതാവ് ജനാർദന റെഡ്ഡി 2016ൽ മകളുടെ വിവാഹത്തിന് 500 കോടി ചിലവാക്കിയതും ഇക്കഴിഞ്ഞ ഡിസംബറിൽ ബി.ജെ.പി മന്ത്രി ആനന്ദ് സിങ് മകന്‍റെ വിവാഹത്തിന് കോടികൾ ചിലവിട്ടതും വാർത്തയായിരുന്നു.

ഇതിനിടെ, കോടികൾ ചിലവഴിച്ച് നടത്തുന്ന വിവാഹത്തിലൂടെ നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്നാരോപിച്ച് ശ്രീരാമുലുവിനെതിരെ നരസിംഹ മൂർത്തി എന്നയാൾ ആദായനികുതി വകുപ്പിന് പരാതി നൽകി. ബെള്ളാരിയിൽ വിതരണം ചെയ്ത വിവാഹ ക്ഷണപത്രത്തിന് തന്നെ ലക്ഷങ്ങൾ ചിലവഴിച്ചിരുന്നുവെന്നും വിവാഹത്തിന് കോടികളാണ് ചിലവഴിക്കുന്നതെന്നും ആരോപിച്ചാണ് അന്വേഷണം ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് പരാതി നൽകിയത്. കല്യാണത്തിന്‍റെ ചിലവ് പരിശോധിച്ച് നികുതി തുക എത്രയായിരിക്കുമെന്ന് കണ്ടെത്തണമെന്നാണ് ആവശ്യം. അതേസമയം, വിവാഹത്തിനായി കോടികൾ ചിലവഴിച്ചുവെന്ന വാർത്ത തെറ്റാണെന്നും പരമ്പരാഗ രീതിയുള്ള സാധാരണ വിവാഹമാണ് നടന്നതെന്നും മന്ത്രി ശ്രീരാമുലു പറഞ്ഞു. മുമ്പ് താൻ സഹായിച്ചിട്ടുള്ള സുഹൃത്തുക്കളാണ് വിവാഹത്തിനായി തന്നെ സഹായിക്കുന്നത്. ഒരു പണവും നൽകാതെയാണ് അവർ വിവാഹത്തിനുള്ള എല്ലാ ഒരുക്കവും നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19 ന്‍റെ പശ്ചാത്തലത്തിൽ ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ച് സംസ്ഥാനത്തെ ആരോഗ്യമന്ത്രി തന്നെ വിവാഹം നടത്തിയതിനെതിരെ ട്വിറ്ററിലും വിമർശനം ഉയർന്നിട്ടുണ്ട്.


Tags:    
News Summary - sri ramulu daughter marriage-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.